അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുന്‍റെ നില ഗുരുതരമായി തുടരുകയാണ്.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവിന്റെ കൊലപാതകത്തില് പ്രതികള്ക്കായി പോലീസ് തെരച്ചില് തുടരുന്നു. ഇതുവരെ അഞ്ച്പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുന്റെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം പിടികൂടിയ കോട്ടയം സ്വദേശി ബിലാല് പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെക്കൂടാതെ കോതമംഗലത്ത് നിന്നാണ് ഖാലിദ്, സനദ് എന്നിവരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് എറണാകുളം സെഷന്സ് കോടതിയില് ഹാജരാക്കും.
ഒളിവില് പോയ പ്രതികളെകുറിച്ച് പോലീസിന് വ്യക്തമായ വിവരമുണ്ട്. പതിനഞ്ചംഗ സംഘമാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇതില് മൂന്നാം വർഷ അറബിക് വിദ്യാർത്ഥി മുഹമ്മദാണ് ഒന്നാം പ്രതി. ഇവർക്കായി രാത്രിയിലും പോലീസ് തിരച്ചില് നടത്തി. പ്രതികളെത്താന് സാധ്യതയുള്ള എല്ലായിടങ്ങളിലും പോലീസെത്തി പരിശോധന നടത്തുന്നുണ്ട്.
അതേസമയം അഭിമന്യുവിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോള് കുത്തേറ്റ അർജുന്റെ നില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ ആശുപത്രിയില് വെന്റിലേറ്ററില് നിരീക്ഷണത്തിലാണ് അർജുന്. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാകില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
