ചോരപ്പാട് മായാതെ കായംകുളം ദേശീയപാത

ആലപ്പുഴ: ദേശീയപാതയില്‍ കായംകുളം വീണ്ടും കുരുതിക്കളമാകുന്നു. അപകടം നിത്യസംഭവമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കരീലകുളങ്ങരയില്‍ അരി കയറ്റിവന്ന മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് ഇന്നലെ ഗുരുതരമായി പരിക്കേറ്റിരുന്നു. കായംകുളത്ത് റോഡ് കുരുതിക്കളമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് എം എല്‍ എ യു പ്രതിഭാ ഹരി സമരം പ്രഖ്യാപിച്ചിരുന്നു. 

കൃഷ്ണപുരം മുതല്‍ രാമപുരം വരെ ദേശിയപാതയില്‍ വാഹനാപകടം വര്‍ധിച്ചിട്ടും റോഡ് സുരക്ഷാ വിഭാഗവും ദേശിയപാതാ അതോറിറ്റിയും നിസംഗത പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ 17ന് എം എല്‍ എ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയപാതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക, സീബ്രാലൈന്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. അധികൃതര്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് എം എല്‍ എ സമരം പിന്‍വലിച്ചത്. 

കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ കെ എസ് ആര്‍ ടി സി ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച് പത്തനാപുരം സ്വദേശി ഗിരിഷ് മരിച്ചിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞമാസം രണ്ട് യുവാക്കളാണ് ഇവിടെ റോഡ് അപകടത്തില്‍ മരിച്ചത്. കെ എസ് ആര്‍ ടി സിയ്ക്ക് സമീപത്ത് നിന്ന് ഒരാളും , കൊറ്റുകുളങ്ങരയ്ക്ക് സമീപം മറ്റൊരാളും മരിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് അപകടത്തില്‍ 35 പേരാണ് മരിച്ചത്. 

നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും അംഗഭംഗം വരികയും ചെയ്തിട്ടുണ്ട്. ഇവിടെ ചോരക്കളമാകുന്നത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ദേശീയപാത അതോറിറ്റി എന്നിവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. പരിഹാരങ്ങള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ സമരപരിപാടി ആഹ്വാനം ചെയ്തത്. എന്നാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് എം എല്‍ എ സമരത്തില്‍ നിന്നും പിന്‍മാറിയത്. ആ ഉറപ്പ് അധികൃതര്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.