കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിനെതിരെ മുന്‍ കൗണ്‍സിലര്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിനെതിരെ മുന്‍ കൗണ്‍സിലര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്. ആരോപണങ്ങള്‍ ഗുരുതരമായവയാണെന്നും ജൂലായ് 20 നോ അതിന് മുമ്പോ വിശദമായ മറുപടി തയ്യാറാക്കി നല്‍കണമെന്നും കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം അസി.സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 

വൈദ്യുതിവിഭാഗം വിശദീകരണം നല്‍കിയാല്‍ 45 ദിവസത്തിനകം കമ്മീഷന്‍ നടപടി തീരുമാനം പ്രഖ്യാപിക്കും. കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും ആരോപിച്ചുള്ളതാണ് മുന്‍ കൗണ്‍സിലര്‍ അഡ്വ.സ്മിനി ഷീജോയുടെ റഗുലേറ്ററി കമ്മീഷനുള്ള കത്ത്. കുറഞ്ഞ ചിലവില്‍ മികച്ച സേവനം നല്‍കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സമഗ്ര പഠനത്തിനായി റഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയില്‍ നിയമിച്ചതുപോലെ കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗം പ്രവര്‍ത്തനം പഠിക്കാന്‍ കോഴിക്കോട് ഐഐഎമ്മിനെ ചുമതലപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ഇബി മാനദണ്ഡമനുസരിച്ച് ആവശ്യമായതിന്റെ മൂന്നിരട്ടി ജീവനക്കാര്‍ കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തിലുണ്ടെന്ന് ചൂണ്ടികാട്ടി, വൈദ്യുതി ബോര്‍ഡിലെ സ്റ്റാഫ് പാറ്റണിന് അനുസൃതമായി കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തിലെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍ നിര്‍ണ്ണയിക്കുക, മുനിസിപ്പല്‍ പ്രദേശത്തെ ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബി നിരക്കിനേക്കാള്‍ കൂടുതലായി ഈടാക്കികൊണ്ടിരിക്കുന്ന 10 ശതമാനം അധിക നിരക്ക് നിറുത്തലാക്കി അധികം വാങ്ങിയ തുക തിരിച്ചുകൊടുക്കുക, സപ്ലൈകോഡിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എച്ച്ഡി കണക്ഷനുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്നു ഈടാക്കിയ അധികതുക തിരിച്ചുനല്‍കുക, കോട്ടപ്പുറത്ത് 110 കെ.വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് തെറ്റായ വിവരങ്ങള്‍ റഗുലേറ്ററി കമ്മീഷന് നല്‍കുകയും തെറ്റായ തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സ്മിനി ഷിജോ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്.