തിരുവനന്തപുരം: മോഷണ ബൈക്കിലെത്തിയ രണ്ടംഗ സംഘം മധ്യവയസ്കയുടെ കഴുത്തിൽ കിടന്ന മുക്കുപണ്ട മാല പൊട്ടിച്ചു കടക്കാൻ ശ്രമിച്ചു. ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടിയപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ച് കടന്നു. കരമന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മരുതൂർകടവിലെ വിനായക കല്യാണ മണ്ഡപതിന് സമീപമാണ് സംഭവം.

രാവിലെ ഏഴരയോടെ നെടുമങ്ങാട് ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി എത്തിയ രണ്ടംഗ സംഘമാണ് സുശീല എന്ന മധ്യവയസ്കയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു രക്ഷപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ഇവരെ ബൈക്കുകളിൽ പിന്തുടർന്നു. തുടർന്ന് കള്ളന്മാർ സഞ്ചരിച്ചിരുന്ന  ബൈക്ക് നാട്ടുകാരുടെ സംഘം സാഹസികമായി തള്ളിയിട്ട് ഒരാളെ കീഴ്‌പ്പെടുത്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ നാട്ടുകാരില്‍ ഒരാളുടെ ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു.

നാട്ടുകാർ പിടികൂടിയ കുപ്രസിദ്ധ കള്ളൻ കുഞ്ഞുമോൻ ഷാജിയെ കരമന പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. KL 01 BU 6713 എന്ന യമഹ ക്രക്‌സ്‌ ബൈക്കിലാണ് കള്ളൻ രക്ഷപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു.