4,30,280 രൂപ പിടിച്ചെടുക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തുന്ന വന്‍സംഘം പിടിയില്‍. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ പക്കല്‍ നിന്നും 4,30,280 രൂപ പിടിച്ചെടുക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

എറണാകുളത്തുള്ള വലിയ വ്യവസായികളെ ഉള്‍പ്പെടെ ചാര്‍ട്ട് ചെയ്ത് ആലപ്പുഴയില്‍ എത്തിച്ച് നേരത്തെ തയ്യാറാക്കിയ ബോട്ടില്‍ കായലില്‍ കൊണ്ടുപോയി വിനോദസഞ്ചാരം എന്ന മറവിലാണ് ചീട്ടുകളി നടത്തുന്നത്. അമ്പതിനായിരം രൂപ നടത്തിപ്പുകാരനെ കാണിച്ചാല്‍ മാത്രമെ ബോട്ടില്‍ കയറ്റുകയുള്ളു. 

കഴിഞ്ഞ ഒരാഴ്ചയായി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ടി അനില്‍കുമാര്‍, ആലപ്പുഴ ഡിവൈഎസ്പി ബേബി, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ്ബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, സജി എന്നിവരെ കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച ഏഴോളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ടീമാണ് സംഘത്തെ കുടുക്കിയത്. 

വൈക്കം വെച്ചൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ് ഷെല്‍ എന്ന ബോട്ടിലാണ് ചീട്ടുകളി നടന്നിരുന്നത്. ചീട്ടുകളി നടത്തിപ്പുകാരനെയും ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരെയും കൂടാതെ ഹൗസ് ബോട്ടിന്റെ ഉടമസ്ഥനെയും അതിന് സൗകര്യം ചെയ്തുകൊടുത്ത ജീവനക്കാരെയും പ്രതിയാക്കി കേസ്സ് രജിസ്റ്റര്‍ ചെയ്തു.