മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ഇന്ന്  ചേര്‍ന്ന് ശിപാര്‍ശ കൈമാറിയേക്കും അന്തിമ ശിപാര്‍ശ ഇന്ന്തന്നെ കൈമാറണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

തൃശൂര്‍: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തിരുത്തുന്നു. ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും സിംഗിള്‍ ബഞ്ച് സ്‌റ്റേക്കെതിരെ ഇന്ന് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി നവമാധ്യമങ്ങളിലൂടെ നഴ്‌സുമാരൊന്നടങ്കം സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും വ്യാപക പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടതായാണ് അറിയുന്നത്. 

ഇന്നുതന്നെ മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമ ശിപാര്‍ശ കൈമാറണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് യോഗത്തില്‍ ലേബര്‍ കമ്മിഷണറും പങ്കെടുക്കേണ്ടതിനാല്‍ മിനിമം വേതന ഉപദേശക സമിതി ഇന്ന് ചേരുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. തിരുവനന്തപുരത്തായാലും കൊച്ചിയിലായാലും യോഗം ഇന്ന് തന്നെ ചേരണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായതോടെ ഇക്കാര്യത്തില്‍ വ്യക്തതവന്നു. ഇതനുസരിച്ച് ബോര്‍ഡ് യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്തെ തൊഴില്‍ ഭവനില്‍ ചേരും.

നഴ്‌സുമാരുടെ ശമ്പള വിഷയത്തില്‍ ഇനിയും കോടതിയുടെ സമയം ചോദിക്കേണ്ടെന്നാണ് സര്‍ക്കാരെടുത്ത പുതിയ നിലപാട്. ഇത് ഇന്ന് കൊച്ചിയില്‍ നടക്കുന്ന മീഡിയേഷനില്‍ സര്‍ക്കാര്‍ അഭിഭാഷകനും തൊഴില്‍ വകുപ്പ് പ്രതിനിധിയും ഇക്കാര്യം അറിയിക്കും. ശമ്പള പരിഷ്‌കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും അതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കും. അതേസമയം, ഇന്നലെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴവുകളുണ്ടായിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നുണ്ട്. ലേബര്‍ കമ്മിഷണര്‍ ഇതുസംബന്ധിച്ച് അന്വേഷിച്ച് മറുപടി നല്‍കും.