പുഴയില്‍ ചാടിയ ദമ്പതികളിലൊരാളുടെ മൃതദേഹം ഒലിച്ചുപോയി ഫയര്‍ഫോഴ്സ് എത്തുംമുമ്പെ മുതിരപ്പുഴയാറിലൂടെ ഒലിച്ചു പോകുകയായിരുന്നു

ഇടുക്കി: പുഴയിൽ ചാടിയ ദമ്പതികളിൽ ഒരാളുടെ മൃതദേഹം മൂന്നാർ ഹെഡ് വർക്സ് ജലാശയത്തിൽ പൊങ്ങി. എന്നാല്‍ മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സും പൊലീസും എത്തും മുമ്പേ മൃതദേഹം മുതിരപ്പുഴയാറിലൂടെ ആറ്റുകാട്ടിലേക്ക് ഒലിച്ചു പോയി. രാവിലെ 11 മണിയോടെയാണ് കുടുംബ വഴക്കിനെ തുടർന്ന് ദമ്പതികൾ അറു മാസം പ്രായമുള്ള കുട്ടിയുമായി പെരിയവാര ആറ്റിൽ ചാടിയത്. കാലവർഷത്തിൽ പുഴയിൽ ഒഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. 

വെള്ളം കുറയാതെ മൃതദേഹം കണ്ടെത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെയോടെ ദമ്പതികളിൽ ഒരാളായ വിഷ്ണുവിന്റെ മൃതദേഹം പഴയ മുന്നാറിലെ ഹെഡ് വർക്സ് ജലാശയത്തിൽ പൊങ്ങിയത്. പതിനഞ്ചു മിനിറ്റോളം ജലാശയത്തിൽ ഒഴുകി നടന്ന മൃതദേഹം പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും വെള്ളത്തിലെ ചുഴിയിൽപ്പെട്ട് ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്ക് ഒഴുകി പോകുകയായിരുന്നു. തുടർന്ന് അധികൃതർ അറ്റുകാട് വെള്ളച്ചാട്ടത്തിൽ തിരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായി വെള്ളം ഒഴുകുന്നതിനാൽ നടന്നില്ല. ഭാര്യ ശിവരഞ്ജിനിയുടെയും കുട്ടിയുടെയും മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല.