Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ഗ്രാമത്തിൽ ഊരുവിലക്ക്; കയ്യൂർ സമരസേനാനിയുടെ മകൾ സ്വന്തം ഭൂമിയിലെ തേങ്ങ പറിക്കുന്നത് തടഞ്ഞു

പാർട്ടിയുടെ ഊരുവിലക്ക് കാരണം നാട്ടിലെ തെങ്ങു കയറ്റ തൊഴിലാളികൾ തേങ്ങ ഇടാൻ തയ്യാറാകാത്തതിനെ തുടർന്ന് വെള്ളൂരിലെ മകളുടെ വീടിനടുത്തുനിന്നുമാണ് തെങ്ങു കയറ്റ തൊഴിലാളികളുമായി എത്തിയത്.

cpim local leaders prevent to harvest in kasargode

കാസർകോട്: പോലീസ് കാവൽ ഉണ്ടായിട്ടും പാര്‍ട്ടി ഗ്രാമത്തിൽ നിന്നും കയ്യൂർ സമരസേനാനിയുടെ മകൾക്ക് സ്വന്തം ഭൂമിയിലെ തെങ്ങിൽ നിന്നും തേങ്ങ പറിക്കാനായില്ല. സി.പി.എം പ്രാദേശിക നേതാക്കള്‍ ഊരുവിലക്ക് ഏർപ്പെടുത്തിയ നീലേശ്വരം പാലായിയിലെ പരേതനായ ടി. രാഘവന്‍ മാസ്റ്ററുടെ ഭാര്യ എം.കെ രാധാമണിക്കാണ് പാർട്ടിയിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾ തുടരുന്നത്..

പാർട്ടിയുടെ ഊരുവിലക്ക് കാരണം നാട്ടിലെ തെങ്ങു കയറ്റ തൊഴിലാളികൾ രാധയുടെ പറമ്പിൽ തേങ്ങ ഇടാൻ തയ്യാറാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ 9.30ഓടെ അംഗന്‍വാടി വർക്കർ കൂടിയായ രാധ കരിവെള്ളൂരിലെ മകളുടെ വീടിനടുത്തുനിന്നുമാണ് തെങ്ങു കയറ്റ തൊഴിലാളികളുമായി പാലായിൽ എത്തിയത്. നീലേശ്വരം പോലീസ് സ്റ്റേഷനിൽ ചെന്ന് രാധയും മകളും വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇവർക്കൊപ്പം പാലായിയിൽ എത്തിയിരുന്നു. മൂന്ന് തെങ്ങുകളില്‍ നിന്നും തേങ്ങ പറിച്ചു കഴിഞ്ഞപ്പോഴാണ് വിവരം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. മറ്റ് തെങ്ങുകളില്‍ കയറുന്നത് ഇവര്‍ തടഞ്ഞു. പിന്നീട് സി.ഐ. വി. ഉണ്ണികൃഷ്‌ണൻ സ്ഥലത്തെത്തിയെങ്കിലും നാട്ടിലുള്ള തൊഴിലാളികൾ തേങ്ങ പറിച്ചാൽ മതിയെന്നും അല്ലാത്തവർ തെങ്ങിൽ കയറേണ്ട എന്നുമുള്ള നിലപാടിൽ ഇവർ ഉറച്ചു നിൽക്കുകയായിരുന്നു. സി.ഐയുടെയും എസ്.ഐയുടെയും  നേതൃത്വത്തിൽ പോലീസ് സംഘം  ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല .

നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാന്‍, കോടതിവിലക്ക് വകവെക്കാതെ രാധയുടെ പറമ്പിലെ തെങ്ങും കവുങ്ങും മറ്റും മുറിച്ചുമാറ്റിയതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കയ്യൂർ സമര സേനാനിയുടെ മകൾക്ക് സ്വന്തം നാട്ടിൽ നിന്നും തുടരെ തുടരെ ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് സംഘടിച്ചെത്തിയ  പാര്‍ട്ടി പ്രവര്‍ത്തകര്‍ രാധയെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. സി.പി.എം കൗണ്‍സിലര്‍ ടി കുഞ്ഞിക്കണ്ണനും മുന്‍ പഞ്ചായത്ത് അംഗമായ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പി.കെ പൊക്കനുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാധാമണി പറയുന്നു.

1998ല്‍ പാലായി പാലാക്കൊഴുവല്‍ ക്ഷേക്ഷത്രത്തിനുവേണ്ടി പൂരക്കളി നടത്താന്‍ 4.75 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലം പൂരക്കളി നടത്താന്‍ അനുയോജ്യമല്ലെന്നും പഴയ സ്ഥലം തിരികെ നല്‍കാമെന്നും പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തി രണ്ടാമതും 4.75 സ്ഥലം വാങ്ങി. ആദ്യം വാങ്ങിയ സ്ഥലം തിരികെ നല്‍കാതെ 18 വര്‍ഷമായി ക്ഷേത്രകമ്മിറ്റിക്കാര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫലത്തില്‍ 9.30 സെന്റ് സ്ഥലം ക്ഷേത്രകമ്മിറ്റി കൈക്കലാക്കി. ഇതിന് പുറമെ പുതിയ റോഡിനുവേണ്ടി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ തങ്ങളുടെ പറമ്പില്‍ 11 മീറ്റര്‍ സ്ഥലത്ത് കുറ്റിയടിച്ചത് തെറ്റാണെന്ന് സ്ഥലം സന്ദര്‍ശിച്ച കരുണാകരന്‍ എം.പിയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടിരുന്നുവെന്നും രാധാമണി പറഞ്ഞു.

ഇതു സംബന്ധിച്ച ആലോചനായോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. തന്നെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയിട്ടാണ് തെങ്ങും കവുങ്ങും കവുങ്ങും മുറിച്ചുമാറ്റി റോഡ് വെട്ടിയത്. ക്ഷേത്ര സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നുവെന്നായിരുന്നു പ്രചരണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ വാഹനം ചെങ്കല്ലുകള്‍ കൊണ്ടിട്ട് തകര്‍ത്തു. വീട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞുവെക്കുന്നത് പതിവാണെന്നും രാധാമണി പറഞ്ഞു.നീലേശ്വരം പൊലീസില്‍ രാധയുടെ നിരവധി പരാതികള്‍ നിലവിലുണ്ട്. വീട്ടില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ വെള്ളച്ചാലിലെ മകളുടെ വീട്ടിലാണ് താമസം. മനുഷ്യവകാശ കമ്മീഷനും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിരുന്നു.

കയ്യൂർ സമര സേനാനി എലച്ചി കണ്ണന്റെ പൗത്രിയും കയ്യൂർ സമരത്തിൽ പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയിട്ടും സാതന്ത്ര്യ സമരപെൻഷൻ വേണ്ടെന്നു പ്രഖ്യാപിച്ച പി.പി കുമാരന്റെ മകളുമാണ് രാധ. പെൺമക്കളെപ്പോലും പാർട്ടിക്കാർ പുലഭ്യം പറഞ്ഞ് ആക്ഷേ പിക്കാറുണ്ടെന്നും  എന്നാല്‍ പാർട്ടിനേതാക്കളുടെ ഇടപെടൽ മൂലം പോലീസിൽ നിന്ന് തനിക്കും മക്കള്‍ക്കും നീതി ലഭിക്കുന്നില്ലെന്നും രാധ പറഞ്ഞു. പാലായിലെ വീട്ടിലെ കിണറ്റില്‍ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങൾ കൊണ്ടിട്ടതായും വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തതായും രാധാ അന്ന് ആരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios