വിദ്യാഭ്യാസ വകുപ്പ് കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നത്.

തൃശൂര്‍: കേരള വിദ്യഭ്യാസ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യമായി നൃത്തകലാ പരിശീലന പദ്ധതിക്ക് തുടക്കം. 'കലാപാഠം' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. 
കുട്ടികളിലെ കലാകാരന്മാരെ കണ്ടെത്തിയാല്‍മാത്രം പോര. അവരുടെ കലാവാസനകള്‍ പരിപോഷിപ്പിച്ച് വളര്‍ത്തിയെടുക്കുകയും വേണമെന്നും ഇതാണ് കലാപാഠം പദ്ധതികൊണ്ട് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. 

വിദ്യഭ്യാസം സമഗ്രവളര്‍ച്ചയ്ക്ക് എന്ന ആശയത്തിലൂന്നിയാണ് വിദ്യാഭ്യാസവകുപ്പ് പ്രവര്‍ത്തിക്കുന്നത്. പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും വിദ്യാര്‍ഥികള്‍ എ പ്ലസ് നേടണം. ഏതുമേഖലയിലും മികവിലേക്കെത്തുക എന്നതാവണം ഓരോ വിദ്യാര്‍ഥിയുടെയും ലക്ഷ്യം. കലാമേഖലയില്‍ എറ്റവും മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുക എന്നതാണ് കലാപാഠ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദ്യാഭ്യാസ വകുപ്പ് കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നത്. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പദ്ധതി വിശദ്ധീകരണം നടത്തി. കലാമണ്ഡലം ക്ഷേമാവതി, ഡോ. ഗായത്രി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് നന്ദിയും പറഞ്ഞു.