കുട്ടിയുടെ മലത്തില്‍ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ്  പരിശോധന ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്നും മണിപ്പാലില്‍ നിന്നുള്ള ഫലം കൂടിയെത്തിയ ശേഷമേ അന്തിമ സ്ഥിരീകരണം നല്കാനാവൂയെന്നുമാണ് ഡിഎംഒയുടെ പ്രതികരണം. 

കോഴിക്കോട്: അടിവാരത്തെ രണ്ട് വയസുകാരന്‍റെ മരണം ഷിഗല്ലെ ബാക്ടീരിയ ബാധ കാരണമല്ലെന്ന് പരിശോധന ഫലം. രോഗലക്ഷണങ്ങളില്‍ നിന്ന് മരണ കാരണം ഷിഗല്ലെയാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിഗമനം. കടുത്ത വയറിളക്കത്തെയും പനിയെയും തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിയാനെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ കുട്ടി മരിച്ചു. കുട്ടിയുടെ മരണം, കഴിഞ്ഞ രണ്ട് വർഷങ്ങളായി ജില്ലയില്‍ തലപൊക്കുന്ന ഷിഗല്ലെ ബാക്ടീരിയ ബാധ മൂലമാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിഗമനം. കുട്ടിയുടെ ശാരീരികാവസ്ഥ രോഗം മൂർച്ഛിക്കാനിടയാക്കിയെന്നും ഡിഎംഒ വിശദീകരിച്ചു. 

പിന്നാലെ ജില്ലയിലാകെ മുന്‍കരുതല്‍ നിർദ്ദേശവും പുറപ്പെടുവിച്ചു. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണമെന്നും, കൃത്യസമയത്ത് ചികിത്സ തേടണമെന്നുമായിരുന്നു ഡിഎംഒയുടെ നിർദ്ദേശം. എന്നാല്‍ രാത്രി 9 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബില്‍ നിന്നെത്തിയ പരിശോധന ഫലം ആരോഗ്യവകുപ്പിന്‍റെ നിഗമനം പാടേ തള്ളുന്നതായിരുന്നു. തലച്ചോറിലെ നീർക്കെട്ടാണ് മരണകാരണമെന്നാണ് പരിശോധന ഫലം. കുട്ടിയുടെ മലത്തില്‍ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പരിശോധന ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്നും മണിപ്പാലില്‍ നിന്നുള്ള ഫലം കൂടിയെത്തിയ ശേഷമേ അന്തിമ സ്ഥിരീകരണം നല്കാനാവൂയെന്നുമാണ് ഡിഎംഒയുടെ പ്രതികരണം.