Asianet News MalayalamAsianet News Malayalam

പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ നാട്ടു മരത്തൈകളുമായി തൊഴിലുറപ്പ് തൊഴിലാളികള്‍

പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ നാട്ടു മരത്തൈകളുമായി തൊഴിലാളികള്‍

ENVIRONMENT DAY  CELEBRATION THOZHILURAPP WORKERS

തൃശൂര്‍: പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ 35,000ത്തിലധികം നാട്ടു മരത്തൈകളുമായി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സജ്ജരായി. നാടെങ്ങും പരിസ്ഥിതി ദിനാചരണത്തിന് തയ്യാറെടുക്കുമ്പോള്‍ ആ തയ്യാറെടുപ്പ് കൊണ്ട് തന്നെ സംസ്ഥാനത്തുതന്നെ ഏറ്റവും വ്യത്യസ്തരും ശ്രദ്ദേയരുമാവുകയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തും അവിടത്തെ തൊഴിലാളികളും. ജൈവവൈവിദ്യ സംരക്ഷണത്തിനും പരിസ്ഥിതി പുനരുദ്ധാരണത്തിനും തൊഴിലുറപ്പ് പദ്ധതിയെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി നേരത്തെതന്നെ ദേശീയ മാധ്യമ ശ്രദ്ധ നേടിയവരാണ് മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍.

സംസ്ഥാനത്തെ ഇതര പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും ജൂണ്‍ അഞ്ചിന് വനംവകുപ്പ് വിതരണം ചെയ്യുന്ന മഹാഗണിയുടേയും ഉങ്ങിന്‍റെയും തൈകള്‍ കാത്തിരിക്കുമ്പോള്‍ മാറഞ്ചേരി പഞ്ചായത്തിലെ തനത് ജൈവ വൈവിദ്യം പരിപോഷിപ്പിക്കുന്ന പദ്ധതിയുമായാണ് മാറഞ്ചേരിയിലെ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തെ വരവേല്‍ക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിതിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ വ്യത്യസ്തമാര്‍ന്ന അന്‍പത്തിമൂന്നിലധികം ഫലവൃക്ഷങ്ങളുടേയു പൂമരങ്ങളുടേയും, നാണ്യവിളകളുടേയും 35,000ലധികം തൈകളാണ് തൊഴിലാളികള്‍ തയ്യാറാക്കിയിരിക്കുന്നത്.

വ്യത്യസ്ത തരം പേര, പ്ലാവ്, മാവ്, സീതപ്പഴം, പറങ്കിമാവ്, ഞാവല്‍, ആഞ്ഞിലി, നാരകം, സപ്പോട്ട, മുട്ടപ്പഴം, അമ്പാഴം, ഇരുമ്പാംപുളി, ചാമ്പ, റമ്പുട്ടാന്‍, നെല്ലി, അരിനെല്ലി, അശോകം, ആര്യവേപ്പ്, കറിവേപ്പ്, മഹാഗണി,  ഉങ്ങ്, താന്നിക്ക, സ്റ്റാര്‍ ആപ്പിള്‍, കവുങ്ങ്, ജാതി, ബദാം, ഫാഷന്‍ ഫ്രൂട്ട്, പപ്പായ, പുന്ന, ഇലവര്‍ങ്ങം, കര്‍വ്വപട്ട, അരയാല്‍, പേരാല്‍, അത്തി ഇത്തി, തേക്ക്, മുള്ളങ്കയ്‌നി, പൈന്‍, മന്താരം, കാറ്റാടി, പാല, ഇലഞ്ഞി തുടങ്ങിയ ഇനങ്ങളാണ് ഇതിലേറെയും 53 ഇനം തൈകളാണ് നെഴ്‌സറിയില്‍ തയ്യാറക്കിയിരിക്കുന്നത്.

19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ഏരിയ തിരിച്ച് തയ്യാറക്കിയ ആദ്യഘട്ട നെഴ്‌സറിയില്‍ കഴിഞ്ഞ വര്‍ഷം ശേഖരിച്ച വിത്തുകളും തൈകളും പ്രത്യേകം മുളപ്പിച്ചും പരിപാലിച്ചും  വളര്‍ത്തിയെടുത്ത തൈകളെ വിതരണത്തിനും നടീലിനുമായി പ്ലാസ്റ്റിക്ക് കൂടകളിലാക്കി മാറഞ്ചേരി സെന്‍ററില്‍ പ്രത്യേകം തയ്യാറാക്കിയ പൊതു നേഴ്‌സറിയിലേക്ക് ഇനം തിരിച്ച് മാറ്റിവെക്കുന്ന പ്രവര്‍ത്തനത്തിന് ഇന്നലെ മുതല്‍ തുടക്കം കുറിച്ചു.
മാറഞ്ചേരി തൊഴിലുറപ്പ് വിഭാഗം 2016 ജൂണ്‍ അഞ്ചിനാണ് ഈ ഒരു ആശയം ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍  ചെയ്ത് തുടങ്ങിയത്. അന്ന് പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചിരുന്നു. 

തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ചില വാര്‍ഡുകളില്‍ കൂടി നെഴ്‌സറികള്‍ തുടങ്ങി. പദ്ധതി വിജയകരവും, സോഷ്യല്‍ ഫോറസ്റ്ററിയുടെ തൈകളേക്കാള്‍ ഇത്തരം നാട്ട് മരത്തൈകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ ചെയ്യുകയായിരുന്നെന് മാറഞ്ചേരി പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട് പറഞ്ഞു.

പഞ്ചായത്തിലെ ഓരോ പുരയിടത്തിലും ഒരുമരത്തൈ വീതം നട്ട് അടുത്ത ഒരു വര്‍ഷത്തേക്ക് അതിന്റെ പരിപാലനവും പൊതുസ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേക്ക് അതിന്റെ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ ഏറ്റെടുത്ത് ചെയ്യുന്ന രീതിയിലുള്ള ഒരു പദ്ധതിയാണ് ഈ നാട്ടുമരം പരിപോഷണ പരിപാടി. തൊഴിലുറപ്പ് പദ്ധതിയോടൊപ്പം തന്നെ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും കൂടി ഈ പദ്ധതിയുമായി സഹകരിപ്പിക്കാനും കുഴിച്ചിട്ട ശേഷം നശിച്ച് പോകാന്‍ സാധ്യതയുള്ള തൈകള്‍ക്ക് പകരം പുതിയ തൈകള്‍ സ്ഥാപിക്കാന്‍ കൂടി ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ടെന്നും എഞ്ചിനീയര്‍ ശ്രീജിത്ത് പറഞ്ഞു.

ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 150ലധികം കുളങ്ങള്‍ 8 കിലോമീറ്ററോളം തോടുകള്‍  വീടുകള്‍ക്കും പുരയിടങ്ങള്‍ക്കും ആനുപാതികമായി മഴക്കുഴികള്‍, കിണര്‍ റീച്ചാര്‍ജ്ജിങ്ങ് പിറ്റുകള്‍, പൊതുകിണറുകള്‍ എന്നിവ നിര്‍മ്മിച്ചും, തീര സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരമുക്ക് പുഴയുടെ ഓരങ്ങളില്‍ കണ്ടല്‍ ചെടികളും മുളകളും വച്ച് പിടിപ്പിച്ചും 12ഓളം പുതിയ റോഡുകള്‍ നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്തും മാറഞ്ചേരിയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും അതിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും നിരവധി തവണ ദേശീയ തലത്തില്‍ തന്നെ അഭിന്ദനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടുണ്ട്.  ഇത്തവണ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ അതില്‍ മുഖ്യ ഘടകമായിപരിഗണിച്ചതും ഇവിടത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു.
 

Follow Us:
Download App:
  • android
  • ios