ജി.എസ്.ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയയാൾ പോലീസ് പിടിയില്‍.

കാസര്‍കോട്: ജി.എസ്.ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയയാൾ പോലീസ് പിടിയില്‍. കുണ്ടുംകുഴിയിലെ മുഹമ്മദ് മുസ്തഫ (36)ആണ്‌ അറസ്റ്റിലായത്. 
കാസര്‍കോട് ജി എസ് ടി അസി. കമ്മീഷണര്‍ മധുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ജി.എസ് ടി .വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി വ്യാപാരികളിൽ നിന്നും മുസ്തഫ പണം തട്ടിയതായി പോലീസ് പറയുന്നു.

മുസ്തഫ കറന്തക്കാട്ട് ആരംഭിച്ച ബി.ആര്‍.ക്യു.ജി.എസ്.ടി. അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരു കമ്പ്യൂട്ടർ ഹാര്‍ഡ് ഡിസ്‌ക്കും മെയില്‍ വിവരങ്ങളും ജി.എസ്.ടിയുടെ ഓണ്‍ലൈനില്‍ സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തതിന്‍റെ വിവരങ്ങളും കണ്ടെത്തിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ പറഞ്ഞു.

ജി എസ് ടി പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റിനായി മുഹമ്മദ് മുസ്തഫ ജി എസ് ടി അസി. കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്. ഇതോടെ അസി. കമ്മീഷണര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അറസ്റ്റിലായ മുസ്തഫ നേരത്തെ മഞ്ചേശ്വരത്ത് വ്യാജ മണല്‍ പാസ് ഉണ്ടാക്കിയ കേസില്‍ പ്രതിയാണ്‌. ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്ത പല വ്യാപാരികളെയും സമീപിച്ച്‌ ആറ് മാസം തോറുമുള്ള റിട്ടണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വലിയ തുക പിഴ അടക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഇടപാടുകാരെ പാട്ടിലാക്കുന്നത്. സംശയമുണ്ടെങ്കിലും ജി എസ് ടി ഉദ്യോഗസ്ഥനെ വിളിച്ചു കൊള്ളൂവെന്ന് പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പർ തന്നെ നല്‍കുകയും വിളിക്കുന്നവരോട് ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച്‌ വലിയ പിഴ ഒടുക്കേണ്ടി വരുമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.