അറസ്റ്റ് ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം

തിരുവനന്തപുരം: മകനെ ക്രൂരമായി മര്‍ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പിതാവ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പിടിയില്‍. മുക്കോല താനിനിന്നവിള വീട്ടില്‍ ജോണ്‍ ആണ് പിടിയിലായത്. മെയ്‌ പതിനൊന്നിനാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന ജോണ്‍ ഭാര്യ വീട്ടിലെത്തി മൂത്ത മകനെ സ്നേഹം നടിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. 

ഈ ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കവെയാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ വിഴിഞ്ഞം സി.ഐ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഭാര്യയെ ഭീഷണിപ്പെടുത്താന്‍ ആണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.