വർഷങ്ങളുടെ അധ്വാന ഫലം കൊണ്ട് മഹേന്ദ്രൻ ജപ്പാനിൽ തുടങ്ങിയ ഹോട്ടലിലേക്ക് കുമാരന്‍റെയും  ലക്ഷ്മിയുടെയും നാട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് മക്കളും വിമാനം കയറി. ദരിദ്ര കുടുംബം പച്ചപിടിച്ച് വരുന്നതിനിടയിലാണ് കേസും ജയിലുമെല്ലാം മഹേന്ദ്രന്‍റെ ജീവിതം മാറ്റിമറിച്ചത്.  

കാസർകോട് : സുഹൃത്തുക്കളുടെ ചതിയിൽപ്പെട്ട് ചെയ്യാത്ത കുറ്റത്തിന് കഴിഞ്ഞ പത്ത് വർഷമായി ജപ്പാനിലെ ടോക്കിയോ ജയിലിൽ തടവ് ശിക്ഷയിൽ കഴിയുന്ന മകനെയോർത്ത് വിതുമ്പുകയാണ് വൃദ്ധരായ രണ്ട് മാതാപിതാക്കൾ. കാസർകോട് നീലേശ്വരം അടുക്കത്ത്‌ പറമ്പിലെ വി.കുമാരനും (74) ഭാര്യ ലക്ഷ്മിയുമാണ് (64) ജീവിതത്തിന്‍റെ അവസാന നാളുകൾക്കിടെ ഇവരുടെ ഇളയ മകൻ മഹേന്ദ്രനെ കുറിച്ചോർത്ത് വിതുമ്പുന്നത്‌. 

ജപ്പാൻ ജയിലിൽ കഴിയുന്ന മകനെ കണ്ണടയും മുമ്പ് കാണാനായി നാട്ടിലെത്തിക്കാൻ ഉള്ളതെല്ലാം വിറ്റുപെറുക്കിയും ശ്രമം നടത്തി പരാജയപ്പെട്ട ഈ അച്ഛനമ്മമാരിൽ, അച്ഛനിപ്പോൾ ഇരുകാലുകൾക്കും തളർച്ച ബാധിച്ച് കിടപ്പിലാണ്. അടുക്കത്ത്‌ പറമ്പിലെ കുമാരന്‍റെയും ലക്ഷ്മിയുടെയും മൂന്ന് ആണ്മക്കളിൽ ഏറ്റവും ഇളയവനായ മഹേന്ദ്ര കുമാർ 1999-ലാണ് തൊഴിൽ തേടി ജപ്പാനിലേക്ക് പോയത്.

ദരിദ്ര കുടുംബത്തെ കരകയറ്റാനായി മഹേന്ദ്രൻ പതിനെട്ട് വയസ് തികഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ സഹായത്തോടെ ജപ്പാനിലേക്ക് പോയി. ആദ്യം ഒരു കമ്പനിയിൽ ജോലിക്ക് കയറി. നീണ്ട ഒൻപത് വർഷം ഈ കമ്പനിയിൽ ജോലി ചെയ്ത മഹേന്ദ്രൻ ജപ്പാനിൽ സ്വന്തമായൊരു ഹോട്ടൽ ബിസിനസ് ആരംഭിച്ചു. ഇതിനായി 'അമ്മ ലക്ഷ്‌മിയുട പേരിലുള്ള 30 സെന്‍റ് സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തി 15 ലക്ഷം രൂപയും മഹേന്ദ്രന് കൊടുത്തു. 

വർഷങ്ങളുടെ അധ്വാന ഫലം കൊണ്ട് മഹേന്ദ്രൻ ജപ്പാനിൽ തുടങ്ങിയ ഹോട്ടലിലേക്ക് കുമാരന്‍റെയും ലക്ഷ്മിയുടെയും നാട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് മക്കളും വിമാനം കയറി. ദരിദ്ര കുടുംബം പച്ചപിടിച്ച് വരുന്നതിനിടയിലാണ് കേസും ജയിലുമെല്ലാം മഹേന്ദ്രന്‍റെ ജീവിതം മാറ്റിമറിച്ചത്. ഹോട്ടലിലേക്ക് താൽക്കാലിക വിസയിൽ എത്തിയ തിരുവനന്തപുരം സ്വദേശികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതായിരുന്നു മഹേന്ദ്രൻ. ജാപ്പനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന മഹേന്ദ്രനെ അടുത്ത സുഹൃത്തുക്കൾ വിളിച്ചു വരുത്തിയതായിരുന്നു.

തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഒടുവില്‍ കത്തികുത്തിലവസാനിച്ചു. പോലീസെത്തുമ്പഴോക്കും പ്രശ്നമുണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. തെറ്റ്‌ ചെയ്യാത്തതിനാൽ മഹേന്ദ്രൻ അവിടെ തന്നെ നിൽക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതെ പ്രശ്നമുണ്ടാക്കിയവർ നാട്ടിലേക്ക് മടങ്ങിയാതാണ് മഹേന്ദ്രന് തിരിച്ചടിയായത്. സംഘർഷത്തിൽ ജപ്പാൻ പോലീസ് മഹേന്ദ്രൻ കുറ്റക്കാരനാണ് എന്ന് സ്ഥിതീകരിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

പിന്നീട് ജപ്പാൻ കോടതി നാല് പേരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു എന്ന കേസിൽ മഹേന്ദ്രനെ പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. 2009 നവംബർ മാസം പതിനേഴിനാണ്‌ ഒരു കുടുബത്തിന്‍റെയാകെ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരന്‍റെ ജീവിതം തകർത്ത കോടതിയുടെ വിധിയുണ്ടായത്. 

മഹേന്ദ്രനെ രക്ഷിക്കാൻ അവിടെയുണ്ടായിരുന്ന രണ്ട് സഹോദരങ്ങളും മറ്റ് സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അനുജനെ രക്ഷിക്കാൻ ഏട്ടന്മാർ ഹോട്ടൽ പണയപ്പെടുത്തിയും മറ്റും പണം കണ്ടെത്തി. ഇതിനിടയിൽ നിലവിലെ ജോലി മഹേന്ദ്രന്‍റെ സഹോദരങ്ങൾക്കും നഷ്ട്ടമായി. ഇവർക്ക് നാട്ടിലേക്കുതിരികെ വരേണ്ടിവന്നു. ഇതിൽ രണ്ടാമത്തെ മകൻ വിനോദ് തിരികെ ജപ്പാനിലേക്ക് പോയെങ്കിലും ജോലിയുള്ള വിസയൊന്നും ലഭിച്ചില്ല. 

അനിയനെ ഏത് വിധേനയും പുറത്തിറക്കാനുള്ള ശ്രമത്തില്‍ ഒമ്പത് വര്‍ഷമായി വിനോദ് ജപ്പാനില്‍ അനധികൃതമായി ജീവിക്കുന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ ലഭിക്കുന്ന പാർടൈം ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. വിനോദിന് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ജപ്പാനിൽ പോയി സ്വന്തമായി ബിസിനസ് തുടങ്ങി നല്ലനിലയിലേക്ക് നീങ്ങുന്നതിനിടയിൽ വീട്ടുകാർ മഹേന്ദ്രന് വിവാഹം കഴിക്കാനായി പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. 

വിവാഹം നിശ്ചയിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നു. മഹേന്ദ്രൻ ജയിലിൽ ആയതോടെ പെൺകുട്ടി വേറൊരു വിവാഹം കഴിച്ചു. ജപ്പാൻ ജയിലിൽ നിന്നും മകനെ പുറത്തിറക്കാൻ കുമാരനും ലക്ഷ്മിയും ഉള്ളതെല്ലാം വിറ്റുപെറുക്കി ഇപ്പോൾ കടക്കെണിയിലാണ്. ജപ്പാൻ ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ കുമാരനും ലക്ഷ്മിയും ചെന്നു കാണാത്ത അധികാരികൾ ഇല്ല. ഏറ്റവും ഒടുവിലായി പി.കരുണാകരൻ എം.പിയുടെ സഹായത്തോടെ പ്രസിഡണ്ടായിരുന്ന പ്രതിഭാ പാട്ടീലിനെ വരെ സമീപിച്ചു ലക്ഷ്മി സങ്കടമുണർത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രധാന മന്ത്രിയായിരുന്ന മൻമോഹൻ സിംഗ്, വിദേശകരമന്ത്രിയായിരുന്ന എസ്.എം.കൃഷണ, പ്രവാസികാര്യ മന്ത്രിയായിരുന്ന വയലാർ രവി, മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻചാണ്ടി തുടങ്ങി പ്രമുഖരെയെല്ലാം നേരിട്ട് ചെന്ന് കണ്ടിരുന്നു. എന്നാൽ ശരിയാവും എന്നല്ലാതെ മകനെ നാട്ടിലെത്തിക്കാൻ നടപടികൾ ഉണ്ടായില്ലെന്നും പ്രായാധിക്യം കാരണം ഇപ്പോൾ നടക്കാൻ പറ്റുന്നില്ലെന്നും മരിക്കുന്നതിന് മുൻപ് മകനെ കാണാൻ സഹായിക്കണമെന്നും വിതുമ്പികൊണ്ട് കുമാരനും ലക്ഷ്മിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.