ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കവര്‍ന്ന നാല് പേര്‍ പിടിയില്‍ കവര്‍ച്ചയില്‍ പങ്കാളികളായവരില്‍ രണ്ട് പേര്‍ സ്ത്രീകള്‍
ആലപ്പുഴ: മുല്ലക്കല് അമ്മന് കോവില് സ്ട്രീറ്റിലെ സംഗീത ജ്വല്ലറിയില് നിന്ന് ഒരുകിലോ സ്വര്ണം കവര്ന്ന സംഭവത്തില് രണ്ട് സ്ത്രീകള് അടക്കം നാല് പേരെ അന്വേഷണ സംഘം പിടികൂടി. കേസില് മൊത്തം അഞ്ച് പേരാണ് ഉള്പ്പെട്ടിട്ടുള്ളത്. ഇതില് ഒരാളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ആര്യാട് പഞ്ചായത്ത് 18ാം വാര്ഡില് പുതുവല് വീട്ടില് സജീര് (19), കാര്ത്തികപ്പള്ളി ചിങ്ങോലി പഞ്ചായത്ത് നാലാം വാര്ഡില് സുധാവിലാസം വീട്ടില് രകേഷ് (20), ആലപ്പുഴ മുന്സിപ്പാലിറ്റി കൊമ്മാടി വാര്ഡില് കാട്ടുങ്കല് വീട്ടില് സൗമ്യ (29), കാര്ത്തികപ്പള്ളി ചിങ്ങോലി പഞ്ചായത്ത് നാലാം വാര്ഡില് സുധാവിലാസം വീട്ടില് സുധ (38) എന്നിവരെയാണ് രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം പിടികൂടിയത്.
അന്പലപ്പുഴ നോര്ത്ത് വില്ലേജില് വണ്ടാനം മുറിയില് പുതുവല് വീട്ടല് ഇജാസിനാ(19)യുള്ള അന്വേഷണം പൊലീസ് ഊര്ജ്ജിതമാക്കി. ജൂലൈ ഒന്നിന് വെളുപ്പിനെ ഒരുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജൂണ് 30ന് നഗരത്തിലെ ഇരുന്പ് പാലത്തിന് സമീപമുള്ള ഇലയില് ജ്വല്ലറി, മുല്ലക്കല് പുളിമൂട്ടില് ട്രേഡേഴ്സില് പ്രവര്ത്തിക്കുന്ന സ്നേഹ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില് മോഷണം നടത്താന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതേ തുടര്ന്ന് മുല്ലക്കലുള്ള സംഗീത ജ്വല്ലറിയില് അടുത്ത ദിവസം ഇവര് മോഷണം നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് ഒന്നാം പ്രതിയായ സജീര് അകത്ത് കടക്കുകയും ഈ സമയം ഇജാസ് കാവല് നിന്നു. പിന്നീട് ജൂവലറിയില് സൂക്ഷിച്ചിരുന്ന ഒരുകിലോ സ്വര്ണവുമായി ഇവര് കടന്നുകളയുകയുമായിരുന്നു.
തുടര്ന്ന് സ്വര്ണം മൂന്നാം പ്രതിയായ രാകേഷിന്റെ വീട്ടില് എത്തിക്കുകയും ഇതില് നിന്ന് നാല് മാലകള് വില്ക്കാന് ഏല്പ്പിക്കുകയും ചെയ്തു. അന്ന് ഞായറാഴ്ച ആയതിനാല് വില്പ്പന നടന്നില്ല.
ജൂലൈ രണ്ടിന് പ്രതിയുടെ സുഹൃത്തായ സൗമ്യയുടെ പക്കല് മാല ഏല്പ്പിക്കുകയും അത് തിരുവനന്തപുരത്ത് കൊണ്ടുപോയി വില്പ്പന നടത്തി പണം പ്രതികള്ക്ക് നല്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് ഇവര് മൂന്ന് ബൈക്കുകള് വാങ്ങി. എന്നാല് ഒരണ്ണം തിരുവനന്തപുരത്ത് വെച്ച് അപകടത്തില്പ്പെട്ടു. കേസിലെ മൂന്നാം പ്രതിയായ രാകേഷിന്റെ മാതാവ് സുധയുടെ പക്കല് ബാക്കി മാലകള് പണയം വെക്കാന് നല്കി. ബാക്കി സ്വര്ണം സജീറും ഇജാസും ചേര്ന്ന് ആലപ്പുഴ മെഡിക്കല് കോളജ് പരിസരത്ത് കുഴിച്ചിടുകയുമായിരുന്നു.
തുടര്ന്ന് മോഷണം നടത്തിയ പണം ഉപയോഗിച്ച് തമിഴ്നാട്, ഭീമപ്പള്ളി തുടങ്ങിയ സ്ഥലങ്ങള് സന്ദര്ശിച്ച് തിരികെ മടങ്ങുന്ന വഴി സജീറിനെ എറാണാകുളത്ത് നിന്നും രാകേഷിനെ കാര്ത്തികപ്പള്ളിയില് വെച്ചും അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലാവര് കുറ്റം സമ്മതിച്ചതായി ജില്ല പൊലീസ് മേധാവി എസ് സുരേന്ദ്രന് വ്യക്തമാക്കി. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. ഇവരില് നിന്ന് കണ്ടെടുത്ത 980 ഗ്രാം സ്വര്ണ്ണവും കോടതിയില് നല്കിയിട്ടുണ്ട്. ബാക്കി സ്വര്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മുന്പ് ചെറിയ മോഷണ കേസുകളിലും കഞ്ചാവ് ഉപയോഗിച്ചതിനും സജീറും ഇജാസും ശിക്ഷ അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
മോഷണ രംഗം സ്ഥാപനത്തിലെ സിസിടിവീയില് പതിയുകയും ചെയ്തിരുന്നു. എന്നാല് മുഖം മറച്ചിരുന്നതിനാല് ആളെ തിരിച്ചറിയാന് കഴിഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തെ ഏറെ വലച്ചു. പ്രതികളെ കുറിച്ച് പൊലീസിന് സൂചന നേരത്തെ ലഭിച്ചെങ്കിലും ഇവര് ഒളിസങ്കേതം മാറുന്നത് അറസ്റ്റ് വൈകാനിടയാക്കി. ആലപ്പുഴ ഡിവൈഎസ്പി പി വി ബേബി, ആലപ്പുഴ നോര്ത്ത് എസ് ഐ ഇ കെ സോള്ജി മോന്, ആലപ്പുഴ നോര്ത്ത് എസ് ഐ വി ആര് ശിവകുമാര്, സൗത്ത് എസ് ഐ എം കെ രാജേഷ്, നോര്ത്ത് എസ് ഐ വിനോദ് കുമാര് എന്നിവരടങ്ങുന്ന 21 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
