. സംഭവ ശേഷം നിറുത്താതെ പോയ ബസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന മിനി ബസിന്‍റെ ഗ്ലാസ് ഇളകി വീണ് റോഡിലൂടെ പോയ സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്. സംഭവ ശേഷം നിറുത്താതെ പോയ ബസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഗ്ലാസ് തലയിൽ വീണ് സാരമായി പരിക്കേറ്റ ബാലരാമപുരം സ്വദേശി ശംസുദീനെ(20) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിഴിഞ്ഞം വലിയ വളവിന് സമീപമുള്ള സ്പീഡ് ബ്രേക്കർ കയറവെ ബസിന്‍റെ വശത്തെ ചില്ല് ഇളകി സമീപത്തുകൂടി സ്‌കൂട്ടറിൽ പോകുകയായിരുന്ന ശംസുദീന്‍റെ തലയിൽ വീഴുകയായിരുന്നു. സംഭവ ശേഷം നിറുത്താതെ പോയ മിനി ബസിനെ മറ്റ് വാഹനങ്ങളില്‍ പിന്തുടര്‍ന്ന് തിയറ്റർ ജങ്ഷന് സമീപത്ത് വെച്ച് തടയുകയായിരുന്നു. പരിക്കേറ്റ ശംസുദീനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഴിഞ്ഞം പൊലീസ് എത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.