അംഗപരിമിതനായ യുവാവിനെയും ഭാര്യയെയും സ്വകാര്യ ബസ് ഇടിച്ചിട്ടു ഇരുവരും ആശുപത്രിയില്‍ പൊലീസ് ബസ് ഉടമയെ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവാവ്

ഇടുക്കി: സർക്കാർ നൽകിയ മുച്ചക്ര സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അംഗപരിമിതനായ യുവാവിനെയും ഭാര്യയെയും ഇടിച്ചിട്ട സ്വകാര്യ ബസ് നിറുത്താതെ പോയതായി പരാതി. അടിമാലി ഐക്കരക്കുന്ന് കുന്നുംപുറത്ത് ജോമോൻ മാത്യു (30), ഭാര്യ ഷൈജി (26) എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അടിമാലിയിലെ വീട്ടിൽ നിന്ന് പൂപ്പാറയിലെ പള്ളിയിൽ നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം നവടനന്നത്. 

രാവിലെ പത്തുമണിയോടെ രാജകുമാരി കുളപ്പാറച്ചാലിലുള്ള എൻ.എസ്.എസ്. കോളേജിനു സമീപം എതിരെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് തങ്ങളെ ഇടിച്ചിടുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ജോമോൻ ബോധരഹിതനായതിനെ തുടര്‍ന്ന് ഓടിക്കൂടിയ ആളുകൾ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുക്കാന്‍ പൊലീസ് എത്തിയെങ്കിലും ബസ്സുകാരെ സഹായിക്കുന്ന നടപടിയാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജോമോന്‍ പറഞ്ഞു. സ്‌കൂട്ടർ എടുക്കാന്‍ രാജാക്കാട് പൊലീസ് സ്‌റ്റേഷനിലെത്തിയ തങ്ങളെ അവര്‍ മാനസ്സികമായി പീഡിപ്പിച്ചു. ഷൈജിയാണ് വാഹനം ഓടിച്ചിരുന്നതെന്ന നിലപാടാണ് പൊലീസിന്‍റേതെന്നും ബസ് ഉടമയെ രക്ഷിക്കാനുളള ശ്രമമാണ് ഇതെന്നും ജോമോന്‍ വ്യക്തമാക്കി. അതേസമയം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയ ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിനോട് തങ്ങളുടെ പരാതി ജോമോന്‍ നേരിട്ട് അറിയിച്ചു.