2236 ഹെക്ടറിലെ കൃഷി നശിച്ചു. 20 വീടുകൾ പൂർണമായും 397 വീടുകൾ ഭാഗികമായും തകർന്നു. 

ഇടുക്കി: കൃഷികൾ നശിച്ചും വീടുകൾ തകർന്നുമൊക്കെ ഇതുവരെ 25 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഒരു മാസത്തിലേറെയായ് തുടരുന്ന മഴയാണ് ഇടുക്കി ജില്ലയിൽ വലിയ നഷ്ടങ്ങളുണ്ടാക്കിയത്. കാറ്റത്തൊടിഞ്ഞു വീണും, വെള്ളം കയറി അഴുകിയും ഉരുൾ പൊട്ടലിൽ ഒലിച്ചു പോയും 2236 ഹെക്ടറിലെ കൃഷിയാണു നശിച്ചതു. 20 വീടുകൾ പൂർണമായും 397 വീടുകൾ ഭാഗികമായും തകർന്നു. 

കൃഷി നശിച്ചതിലൂടെ 21 കോടി 52 ലക്ഷത്തിന്‍റെ നഷ്ടവും വീടുകൾ തകർന്നതിലൂടെ ഒരു കോടി നാൽപത്തി നാല് ലക്ഷത്തിന്‍റെയും നഷ്ടമാണ് ചൊവ്വാഴ്ച വരെയുള്ളത്. ബുധനാഴ്ച മൂലമറ്റം എടാടുണ്ടായ ഉരുൾപൊട്ടലിലെയടക്കം നഷ്ടങ്ങൾ അധികൃതർ കണക്കാക്കി വരുന്നതേയുള്ളു. ചീനിക്കുഴി ബൗണ്ടറിയിൽ റോഡു തകർന്നതടക്കം പൊതുമുതൽ നശിച്ചും നഷ്ടമുണ്ടായ്.

നെടുങ്കണ്ടത്ത് മരം വീണും അടിമാലിയിൽ ഷോക്കേറ്റുമായ് രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മീൻ പിടിക്കാൻ പോയ ഒരു വാഗമൺ സ്വദേശിയെ കാണാതായിട്ടുമുണ്ട്. വീട് നശിച്ച അഞ്ച് കുടുംബങ്ങൾ കുമളി ആനവിലാസത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. തോരാമഴ തുടരുന്നതിൽ ജില്ലയിലെങ്ങും നിരവധി കുടുംബങ്ങൾ കടുത്ത ആശങ്കയിലുമാണ്.