മഴ കനത്തതോടെ ദുരിതത്തിലായി മാന്നാര്‍

ആലപ്പുഴ: മഴ കനത്തതോടെ ദുരിതത്തിലായി ആലപ്പുഴ മാന്നാര്‍ പ്രദേശവാസികള്‍. പമ്പയിലെയും അച്ചന്‍കോവിലാറിലെയും ജലനിരപ്പ് അടിക്കടിയുയരുന്നതാണ് ഇവിടങ്ങളില്‍ കൂടുതല്‍ വെള്ളം കയറാന്‍ കാരണം. മാന്നാര്‍ പഞ്ചായത്ത് 2ാം വാര്‍ഡില്‍ പാവുക്കര കരുവേലി റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വിരിപ്പില്‍ ക്ഷേത്രത്തിലും സമീപത്തെ 50 ഓളം വീടുകളിലും വെള്ളം കയറി. മാന്നാറിന്റെ ഉള്‍പ്രദേശമായ കുരട്ടിക്കാടിനേയും പരുമലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോട്ടയ്ക്കല്‍ കടവ് പാലത്തിന് സമീപ വീടുകളിലും വെള്ളം കയറി. 

ബുധനൂരിലെ കുലയ്ക്കാല്‍ പാടശേഖരത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ മലമേല്‍ ഭാഗത്തെ പത്തോളം വീടുകള്‍ ഒറ്റപ്പെട്ടു. കുട്ടംപേരൂര്‍ ആറ് കരകവിഞ്ഞതാണ് വെള്ളം കയറാന്‍ കാരണം. ബുധനൂര്‍ തോപ്പില്‍ചന്ത, തയ്യൂര്‍, എണ്ണയ്ക്കാട് റോഡ്, തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. അച്ചന്‍കോവിലാറര്‍ കരകവിഞ്ഞൊഴുകിയതിനാല്‍ പ്രായിക്കര പറക്കടവ്, മുണ്ടുവേലിക്കടവ്, വാഴക്കൂട്ടം കടവ്, 25ല്‍ പടി, നാമങ്കരി, നമ്പൂണാരി, കരിയിലത്തറ കോളനി, കയ്യാലയ്ക്കത്ത് കോളനി, തൂമ്പിനാത്ത് കോളനി, കാരിക്കുഴി, ചിത്തിരപുരം, ഇഞ്ചക്കത്തറ, സ്വാമിത്തര, നാമങ്കേരി എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. 

കരിക്കുഴി കോളിനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. ഇവര്‍ക്കായി ദുരിതാശ്വാസ ക്യാംപ് തുടങ്ങണമെന്നാവശ്യവുമുയര്‍ന്നിട്ടുണ്ട്. വള്ളക്കാലി ഭാഗത്ത് വീയപുരം പഞ്ചായത്തില്‍ മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി. ഇതു കാരണം ഏറെ നേരം വൈദ്യുതി മുടങ്ങി. മാവേലിക്കരയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്. മാന്നാര്‍-പാവുക്കര- വള്ളക്കാലി-വീയപുരം റോഡിലെ ചിലയിടങ്ങളില്‍ വെള്ളം കയറി. മാന്നാര്‍-വീയപുരം റോഡു നിര്‍മ്മാണവും വെള്ളപ്പൊക്കം കാരണം തടസപ്പെട്ടു. ഇവിടങ്ങളിലെ റോഡിലെ വെള്ളത്തിനു കറുത്ത നിറമായതും ആളുകളില്‍ ഭീതി പരത്തിയിട്ടുണ്ട്. പ്രദേശത്തെ മിക്ക ജലവിതരണ ടാപ്പുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ദുരിതശ്വാസ ക്യാംപുകള്‍ തുടങ്ങേണ്ടി വരുമെന്ന സ്ഥിതിയാണ്.