Asianet News MalayalamAsianet News Malayalam

ലിബറോയായി തിളങ്ങി പ്രിയങ്ക

indian player performs challenging age
Author
First Published Feb 26, 2018, 11:17 PM IST

കോഴിക്കോട്: കളിക്കളത്തില്‍ തിളങ്ങി പ്രിയങ്ക വേഡ്ക്കർ. ദേശീയ വോളിബാൾ ചാംപ്യൻഷിപ്പിൽ റെില്‍വേയ്സിന്റെ പ്രധാന താരമാണ് പ്രിയങ്ക. 
ഇന്ത്യൻ ടീമിൽ എട്ട് വർഷത്തിലേറെയായി സ്ഥിരം സാന്നിധ്യമായ  താരം റെയില്‍വേയുടെ പടക്കുതിരയാണ്. കോഴിക്കോട് നടക്കുന്ന ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിലും താരമായി കഴിഞ്ഞു പ്രിയങ്ക.

ഏത് സ്മാഷുകളും സർവുകളും നിഷ്പ്രയാസം  സ്വീകരിക്കുന്ന ഈ മുപ്പത്തിമൂന്നുകാരി മറ്റ് കളിക്കാർക്കും ഊർജമാണ്.    സഹകളിക്കാർക്ക് പ്രോത്സാഹനവും  തന്ത്രങ്ങളും പറഞ്ഞ് കൊടുക്കാൻ ലിബറോ എന്ന  നിലയിൽ ശ്രമിക്കാറുണ്ടെന്ന് പ്രിയങ്ക പ്രതികരിക്കുന്നു.  മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനിയായ പ്രിയങ്ക സർവകലാശാല തലം മുതൽ അറിയപ്പെടുന്ന താരമാണ്.   2002ൽ വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് പ്രിയങ്ക ആദ്യമായി അന്താരാഷ്ട്ര ജെഴ്സിയണിഞ്ഞത്. വിയറ്റ്നാമിൽ നടന്ന ഇൻവിറ്റേഷൻ ടൂർണമെന്റിൽ സീനിയർ ടീമിലും സാന്നിധ്യമറിയിച്ചു. 2010, 2014 ഏഷ്യൻ ഗെയിംസുകൾ, മൂന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ ഇന്ത്യൻ ടീമിൽ പ്രിയങ്കയുണ്ടായിരുന്നു. 

2016ൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വോളിബാളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമാണ് സെൻട്രൽ റെയില്‍വേയിൽ ഉദ്യോഗസ്ഥയായ പ്രിയങ്ക.  പഴയകാല താരങ്ങളായ  അശോക് ഖേഡ്കറിന്റെയും സന്ധ്യയുടെയും മകളാണ് പ്രിയങ്ക.

Follow Us:
Download App:
  • android
  • ios