മണക്കടവിലാണ് ജാനകിയമ്മയുടെ കാല്‍ നൂറ്റാണ്ട് പിന്നിട്ട ചായക്കട

 കാസര്‍ഗോഡ്: മടിക്കൈ ചാളക്കടവിലെ കുഞ്ഞികണ്ണന്റെ ഭാര്യ വാഴക്കോടന്‍ വീട്ടില്‍ ജാനകി അമ്മയ്ക്ക് വയസ്സ് 65 കഴിഞ്ഞു. എന്നാല്‍ ജീവിതത്തിന്റെ വാര്‍ധക്യ കാലത്തും വിശ്രമ ജീവിതത്തിലേക്ക് തിരിയാത്ത ജാനകിയമ്മ ഈ വനിതാ ദിനത്തിലും തന്റെ ചായക്കടയില്‍ കര്‍മ്മ നിരതയാണ്.

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തു നിന്നും എട്ട് കിലോമീറ്റര്‍ അകലെ മണക്കടവിലാണ് ജാനകിയമ്മയുടെ കാല്‍ നൂറ്റാണ്ട് പിന്നിട്ട ചായക്കട. തികച്ചും നാടന്‍ രീതിയില്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ മുതലാളിയും തൊഴിലാളിയും ഇവര്‍ തന്നെ.

ചായയും ചെറുകടിയും ഒഴികെ മറ്റൊന്നും ജാനകിയമ്മയുടെ കടയില്‍ നിന്ന് ലഭിക്കില്ലെങ്കിലും ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. ഗോളിവജയും പഴംപൊരിയുമാണ് ഇവിടുത്തെ സ്‌പെഷ്യല്‍. 1991 ലാണ് മണക്കടവ് പാലത്തിനോട് ചേര്‍ന്ന് ജാനകിയമ്മ ഓല ഉപയോഗിച്ച് ചായക്കട നിര്‍മ്മിച്ചത്. പിന്നീടിങ്ങോട്ട് ചാളക്കടവ് വികസിച്ചെങ്കിലും ജാനകിയമ്മയുടെ ചായക്കടക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.

സ്വന്തം പേരിലുള്ള അരസെന്റ് ഭൂമിയില്‍ ഇന്നും കാറ്റിലാടുന്ന ചായക്കടയും ചായവെപ്പുമായി ജാനകിയമ്മ ദിവസങ്ങള്‍ നീക്കുന്നു. ഇന്നും വിറകൂതിയും പുകമാറ്റിയും ചായ എടുക്കുന്ന ജാനകിയമ്മയുടെ കടയിലേക്ക് ചായകുടിക്കുവാനായി വി.ഐ.പി.കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോഴും ഗ്യാസ് അടുപ്പ് ഇവിടെ പടിക്ക് പുറത്താണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജാനകിഅമ്മക്ക് ഏകവരുമാന മാര്‍ഗ്ഗമാണ് മണക്കടവിലെ ചായക്കട. ഏകമകന്‍ അനില്‍കുമാര്‍ വയറിംഗ് തൊഴിലാളിയാണ്.