കാണാന്‍ ലുക്കുള്ള മന്ത്രിമാര്‍ വേറെയുണ്ടെന്നും മന്ത്രി

കാസര്‍കോട്: കാണാന്‍ ലുക്കില്ലെങ്കിലും ഞാനുമൊരു മന്ത്രിയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. തെക്കന്‍ ബങ്കളം രക്തേശ്വരി ക്ഷേത്ര മുറ്റത്ത് പാരമ്പര്യ കൂട്ടമടയല്‍ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദേവസ്വം മന്ത്രി. കാസര്‍കോടിന്റെ ഉള്‍പ്രദേശമായ തെക്കന്‍ ബങ്കളത്ത് ആദ്യമായാണ് ഒരുമന്ത്രി എത്തിയതെന്ന അധ്യക്ഷന്റെ ആമുഖഭാഷണത്തിനായിരുന്നു മന്ത്രിയുടെ നര്‍മ്മം നിറഞ്ഞ മറുപടി. 

നിശ്ചയിച്ചതിലും മൂന്നുമണിക്കൂര്‍ വൈകിയെത്തിയ മന്ത്രിയെ കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. താനും ഒരു മന്ത്രിയാണ്. എന്നാല്‍ കാണാന്‍ അത്ര ലുക്കൊന്നും ഇല്ല. ഉള്ള ലുക്കുവെച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ്. കാണാന്‍ ലുക്കുള്ള മന്ത്രിമാര്‍ വേറെയുണ്ട്- ഇങ്ങനെ പറഞ്ഞാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. അധികനേരം നീട്ടാത്ത മന്ത്രിയുടെ വാക്കുകള്‍ കയ്യടി നേടുകയും ചെയ്തു.

ക്ഷേത്ര മുറ്റത്തായിരുന്നു മന്ത്രിയുടെ പരിപാടി നടന്നതെങ്കിലും നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന ക്ഷേത്രത്തിനകത്ത് ദേവസ്വം മന്ത്രി കയറിയില്ല. സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും സമയക്കുറവാണ് മന്ത്രി കാരണം പറഞ്ഞത്.