വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതും വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതുമാണ്‌ കാരണം

കാസര്‍കോട്: വേനല്‍ ചൂടില്‍ നാടുംനഗരവും വെന്തുരുകുമ്പോള്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത കേന്ദ്രങ്ങളില്‍ കുടിവെള്ളം കിട്ടാനില്ല. വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതും വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതുമാണ്‌ കുടിവെളള ക്ഷാമത്തിന് കാരണം. വെള്ളിയാഴ്ച കലക്‌ടറേറ്റില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ശക്തമായ പരാതിയാണ്‌ കുടിവെള്ള വിഷയത്തില്‍ ഉയര്‍ന്നത്. 

ജില്ലയിലെ പനത്തടി, കയ്യൂര്‍, ചീമേനി, കള്ളാര്‍, കാറഡുക്ക, എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരാണ് സെല്‍ യോഗത്തില്‍ വൈദ്യുതി വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതീകരണം നടത്താത്തതു മാത്രമാണ് തടസമായി നില്‍ക്കുന്നത്. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന കാര്യത്തിലും കരാറേറ്റെടുത്തവര്‍ അലംഭാവം കാട്ടുന്നതായും പരാതിയുയര്‍ന്നു. 200 കോടി രൂപയാണ് കുടിവെള്ള പദ്ധതിക്കും മറ്റ് അടിസ്ഥാന വികസനത്തിനും മറ്റുമായി അനുവദിച്ചിരിക്കുന്നത്. 

ഇലക്‌‌ട്രിക്കല്‍ ജോലി ചെയ്യുന്നതിന് അഞ്ച് കരാറുകാര്‍ മാത്രമാണ് ജില്ലയിലുള്ളത്. ഇവര്‍ ഇലക്ട്രിക്കല്‍ ജോലിചെയ്ത സ്ഥലങ്ങളില്‍ പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന ആക്ഷേപവും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉന്നയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടാകുന്നുണ്ട്. ഭുഗര്‍ഭ കേബിള്‍ വലിച്ചാണ് ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയായ ഏതാനും സ്ഥലത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനാല്‍ കുടിവെള്ള വിതരണം നടക്കുന്നില്ല. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. 

ജലസംഭരണികളും മറ്റും നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനാല്‍ ജനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇതിന് എന്‍ഡോസള്‍ഫാന്‍ സെല്‍ ശാശ്വത നടപടിയുണ്ടാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യപ്പെട്ടു. 20,000 രൂപയുടെയും 30,000 രൂപയുടെയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള കരാര്‍ ജോലിക്കും മലയോര ഭാഗങ്ങളിലേക്ക് തൊഴിലാളികള്‍ പോകാന്‍ വിസമ്മതിക്കുന്നുവെന്നാണ് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു നല്‍കിയ മറുപടി.