ഇതിനായി ഇക്കുറി വിപുലമായ പ്രവേശനോത്സവങ്ങള്‍ ജൂണ്‍ നാലിനാണ് പ്രവേശനോത്സവം

കോഴിക്കോട്: സംസ്ഥാനത്തെ സംയോജിത ശിശു വികസന- സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി വിപുലമായ രീതിയില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ പ്രാഥമിക രൂപം എന്ന നിലയില്‍ അങ്കണവാടികളിലെ പ്രീ സ്കൂള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക, സമൂഹത്തില്‍ അങ്കണവാടികളുടെ പ്രാധാന്യം സംബന്ധിച്ചും അംഗണവാടികളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. 

ഈ വര്‍ഷം ജൂണ്‍ നാലിനാണ് പ്രവേശനോത്സവം നടക്കുക. അങ്കണവാടികളിലെ പ്രവേശനോത്സവങ്ങള്‍ നാടിന്‍റെ ഉത്സവമാക്കി മാറ്റണമെന്നാണ് നിര്‍ദേശം. പ്രത്യേക തരത്തില്‍ രൂപകല്‍പ്പന ചെയ്ത കളിപ്പാട്ടങ്ങള്‍ നല്‍കിയും വ്യത്യസ്തങ്ങളായ മധുരം നല്‍കിയുമായിരിക്കും വിദ്യാര്‍ഥികളെ വരവേല്‍ക്കുക. ജനപ്രതിനിധികള്‍, എ.എല്‍.എം.എസ്.സി അംഗങ്ങള്‍, മാതാപിതാക്കള്‍, പ്രദേശത്തെ പ്രമുഖ വ്യക്തികള്‍, നാട്ടുകാര്‍ എന്നിവരടങ്ങിയ ബഹുജന പങ്കാളിത്തം പ്രവേശനോത്സവങ്ങളില്‍ ഉറപ്പാക്കും. 

പ്രവേശനോത്സവം സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളിലൂടെയും നോട്ടിസ്, ബാനര്‍, പോസ്റ്റര്‍ എന്നിവയിലൂടെയും വിപുലമായ പ്രചാരണം നടത്തും. മാതൃക അങ്കണവാടികളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. ഇതു സംബന്ധിച്ച് മെയ് 15 മുതലുള്ള ആക്ടിവിറ്റി കലണ്ടര്‍ തയ്യാറാക്കി അതിനനുസരിച്ച് പരിപാടി സംഘടിപ്പിക്കണമെന്നും ജില്ലാ തലത്തില്‍ ഒരു ഐ.സി.ഡി.എസ് പ്രൊജക്ടിന് മുന്‍ഗണന കൊടുത്തുകൊണ്ട് എല്ലാം പ്രോഗ്രാം ഓഫിസര്‍മാരും ജില്ലാതല പരിപാടി ആസൂത്രണം ചെയ്യണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അങ്കണവാടികള്‍ മെച്ചപ്പെടുത്തുകയും ശിശുസൗഹൃദമായി പെയിന്‍റ് ചെയ്ത് അലങ്കരിക്കുകയും ചെയ്യും. അങ്കണവാടി തല മോണിറ്ററിങ് ആന്‍ഡ് സപ്പോര്‍ട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രവേശനോത്സവം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക. അങ്കണവാടി പരിധിയിലെ ആറു വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും ലിസ്റ്റ് തയ്യാറാക്കി പ്രവേശനോത്സവത്തില്‍ അവരെ പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ശൈശവകാല വിദ്യാഭ്യാസത്തിന്‍റെയും പരിചരണത്തിന്‍റെയും പ്രാധാന്യം സംബന്ധിച്ച് ഭവന സന്ദര്‍ശനങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തി പരമാവധി കുട്ടികളെ അങ്കണവാടികളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. അങ്കണവാടികളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിക്കുകയും അംഗണവാടികളില്‍ നിന്നും വിരമിച്ച വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പങ്കാളിത്തം പ്രവേശനോത്സവത്തില്‍ ഉറപ്പാക്കുകയും ചെയ്യും. 

പ്രവേശനോത്സവത്തിന്‍റെ ഭാഗമായി പ്ലക്കാര്‍ഡുകള്‍, പഴം, പച്ചക്കറികള്‍ എന്നിവയുടെ കട്ടൗട്ട്, ന്യൂട്രിമിക്സ് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ എന്നിവ സഹിതം നിലവിലുള്ള കുട്ടികളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിക്കും. അങ്കണവാടികളിലെ എല്ലാ കുട്ടികളുടെയും തൂക്കം എഴുതി പ്രദര്‍ശിപ്പിക്കണം. പുതുതായി എത്തുന്ന കുട്ടികളുടെ തൂക്കം കൃത്യമായി രേഖപ്പെടുത്തി ചാര്‍ട്ട് ചെയ്ത് മാതാപിതാക്കള്‍ക്ക് വിവരിച്ചു നല്‍കണം. ശൈശവകാല വിദ്യാഭ്യാസത്തിന്‍റെയും പോഷകാഹാരത്തിന്‍റെയും ശിശു പരിചരണത്തിന്‍റെയും പ്രാധാന്യം സംബന്ധിച്ച ബോധവല്‍ക്കരണവും പ്രവേശനോത്സവത്തില്‍ വെച്ച് നടക്കും.