ഇടുക്കി: ഒരുദിവസ്സം ജോലിക്കെത്താത്തതിന്റെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കടയുമയുടെ ക്രൂരമര്‍ദ്ദനം. ബീഹാര്‍ സ്വദേശി മുഹമ്മദ് മുഫ്താഖിനാണ് കടയുടമയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കടയുടമ രാജകുമാരി സ്വദേശി രതീഷിനെയും ഇയാളുടെ രണ്ട് സുഹൃത്തുകളെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.

രാജകുമാരിയില്‍ ഹോട്ടലും മാര്‍ക്കറ്റുമടക്കം നടത്തുന്ന രതീഷിന്റെ കടയില്‍ ബജിയുണ്ടാക്കുന്ന തൊഴിലാളിയാണ് മുഹമ്മദ്. ഇയാള്‍ ഒരു ദിവസം അവധിയെടുത്തതോടെ ബജിയുണ്ടാക്കുന്നത് മുടങ്ങിയതാണ് മര്‍ദ്ദന കാരണം. മറ്റ് കടകളില്‍ കച്ചവടം നല്ല രീതിയില്‍ നടന്നുവെന്നും ആരോപിച്ച് രതീഷും, സുഹൃത്തുക്കളായ രാജകുമാരി സ്വദേശികളായ പുതിയിടത്ത് വീട്ടില്‍ ബെന്നി സ്‌കറിയാ, ബൈസണ്‍വാലി നാല്പ്പതേക്കര്‍ സ്വദേശി കിഴക്കേപ്പറമ്പില്‍ സജേഷ് എന്നിവരും ചേര്‍ന്ന് മുഹമ്മദ് താമസിക്കുന്ന മുറിയില്‍ എത്തുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി സംഭവം കണ്ടതോടെ ഭയന്ന് മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇവിടെയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം ഇയാളെ ഇവരുടെ വാഹനത്തില്‍ കയറ്റി രതീഷിന്റെ കടയിലെ കിച്ചണില്‍ എത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശനായ മുഹമ്മദ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഭവമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തുകയും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

പിന്നീട് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന്‌പേരെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പന്ത്രണ്ട് വര്‍ഷമായി ഹൈറേഞ്ചില്‍ ജോലിചെയ്യുന്ന ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇത്തരത്തില്‍ നിരവധി ആളുകള്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം.