ആലപ്പുഴ: പാട്ടത്തിനെടുത്ത 14 ഏക്കര്‍ നിലത്ത് പൊന്ന് വിളയിച്ച് ചമ്പക്കുളം അന്നപൂര്‍ണ്ണ ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍. എട്ട് വര്‍ഷത്തോളമായി നെല്‍കൃഷി ചെയ്യുന്ന ഇവര്‍ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. പലിശ രഹിത ബാങ്ക് ലോണുകളുടെ സഹായത്തോടെയാണ് ഇവര്‍ കൃഷി മെച്ചപ്പെടുത്താനായുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്.
നെല്ല് കൃഷി കൂടാതെ പച്ചകറി കൃഷിയിലും ഇവര്‍ തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. സമീപത്തു തന്നെയുള്ള ഒരേക്കറോളം സ്ഥലത്താണിവര്‍ പച്ചക്കറി കൃഷി ചെയ്തു വരുന്നത്. ഏത്ത വാഴ, ചേന, പയര്‍, ചീര, കപ്പ, വെണ്ട പടവലം, പാവല്‍, ഇഞ്ചി, പച്ചമുളക്, കാന്താരി, കോവല്‍, കുമ്പളം, വഴുതന, എന്നിവയുള്‍പ്പെടുന്ന പച്ചകറികള്‍ തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചാണ് വിളയിച്ചെടുക്കുന്നത്.
ചമ്പക്കുളം പഞ്ചായത്തില്‍ കണ്ടങ്കരി 6ാം വാര്‍ഡിലാണ് ഇവരുടെ പ്രവര്‍ത്തനം. ചമ്പക്കുളം പഞ്ചായത്തില്‍ ആദ്യമായി പലിശ രഹിത വായ്പ അനുവദിച്ചതും അന്നപൂര്‍ണ്ണ ജെ എല്‍ ജി ഗ്രൂപ്പിനായിരുന്നു. ആദ്യത്തെ ഇന്‍സന്റീവ് തുകയായ ഏഴായിരം രൂപ ലഭിച്ചതും ഇവര്‍ക്കു തന്നെ ആയിരുന്നു. കുടുംബശ്രീ ജില്ലാ മിഷനില്‍ ഇവര്‍ക്ക് 4 തവണ ഇന്‍സെന്റീവുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍ പറഞ്ഞു.
