കുഞ്ഞന്‍ പിള്ളയുടെ ദുരൂഹ മരണം പ്രതികളെ പിടികൂടാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍. ഈ മാസം 16ന് ഇരുമ്പുപാലത്ത് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 12നായിരുന്നു കുഞ്ഞന്‍ പിള്ളയുടെ മൃതദേഹം വെട്ടേറ്റ് നിലയില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ സംബന്ധിച്ച് യാതൊരു വിധ സൂചനയും പോലീസിന് ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരുമ്പുപാലത്ത് സായാഹ്ന ധര്‍ണ്ണ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും യഥാര്‍ത്ഥ കണ്ടെത്താനാകാത്തത് പൊലീസിന്റെ വീഴ്ച്ചയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. കുഞ്ഞന്‍പിള്ളയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്താകെയുള്ള സ്‌പെക്ട്രാ സംഘം കഴിഞ്ഞ ദിവസം അടിമാലിയില്‍ എത്തി പരിശോധന നടത്തിയിരുന്നു. 

കൊലപാതകവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടും പൊലീസിന് കൊലപാതകത്തില്‍ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനോടകം ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തതായും ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും പൊലീസ് സൂചന നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേഗത്തില്‍ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.