കുട്ടികളുടെ ചലച്ചിത്രമേളയില്‍ സ്വപ്ന തുല്യമായ നേട്ടവുമായി മല്ലിക

ഇടുക്കി: കോടമഞ്ഞ് പുതച്ചുറങ്ങുന്ന മൂന്നാറിന്റെ തേയില ചെരുവില്‍ ഒളിച്ചിരിക്കുന്ന ഒരു മനോഹര ഗ്രമാമുണ്ട്, ചിത്തിര പുരം. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നാട്. അധികമാരുമറിയാത്ത ഈ കൊച്ചു ഗ്രാമത്തെ കലാ കേരളം പ്രതീക്ഷയോടെയാണ് ഇപ്പോള്‍ കാണുന്നത്. നാളെയുടെ പ്രതീക്ഷകളുമായി മല്ലിക എത്തിയത് അവിടെ നിന്നാണ്.

കുട്ടികളുടെ ചലച്ചിത്രമേളയില്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചിത്തിരപുരത്തിന്റെ സ്വന്തം സിനിമയായ മല്ലിക കരസ്ഥമാക്കിയത്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ തിരുവന്തപുരത്ത് സംഘടിപ്പിച്ച ആറാമത് കുട്ടികളുടെ ചലചിത്ര മേളയില്‍ ചിത്തിര പുരം ഗവ. ഹൈസ്‌കൂള്‍ ഒരുക്കിയ മല്ലിക മികച്ച ചിത്രമായി തെരഞ്ഞെടുക്കപെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 

2012ല്‍ മുടങ്ങി പോയ മേള വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 66 എന്‍ട്രികളില്‍ നിന്നാണ് മികച്ച ചിത്രമായി ഇടുക്കിയുടെ പ്രതിഭകള്‍ തയ്യാറാക്കിയ മല്ലിക തെരഞ്ഞെടുക്കപെട്ടത്. മികച്ച ചിത്രത്തിന് പുറമെ സംവിധാനം, മികച്ച നടി. സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, സെറ്റിംഗ്. കാമറ, സംഗീതം, പശ്ചാതല സംഗീതം എന്നിങ്ങനെ 14 അവാര്‍ഡുകള്‍ മല്ലിക ചിത്തിരപുരത്തെത്തിച്ചു.

സ്വയം പ്രതിരോധത്തിന്റെ പാതകള്‍ വെട്ടിത്തെളിച്ച് ഉറച്ച കാല്‍വെപ്പുകളോടെ മുന്നേറേണ്ടവളാണ് പെണ്‍കുട്ടി എന്ന ശക്തമായ ആശയം 'മല്ലിക' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സ്‌കൂള്‍ പങ്കുവെച്ചത്. സ്‌കൂളിലെ മലയാളം അധ്യാപിക ഡോ: എം. ആശയും നാന്‍സി ബാബു, അപര്‍ണ മനോജ്, ആന്‍സി. പി. ആന്റണി, എന്നീ വിദ്യാര്‍ത്ഥികളുമാണ് സിനിമയ്ക്ക് നേതൃത്വം നല്‍കിയത്. 

ഗവ.ഹൈസ്‌കൂള്‍ ചിത്തിരപുരം ഹ്രസ്വ ചിത്രനിര്‍മ്മാണത്തിലൂടെ കേരളത്തിന്റെ സവിശേഷ ശ്രദ്ധ നേടിയതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂള്‍ പി ടി എ യും ,അധ്യാപകരും, വിദ്യാര്‍ത്ഥികളും. കഠിനാധ്വാനത്തിന്റേയും അര്‍പ്പണബോധത്തിന്റേയും ഫലമാണ് ഈ വിജയം. ചാണ്ടീസ് വിന്റീവുഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ''മല്ലിക'' നിര്‍മ്മിച്ചത്. ചിത്തിരപുരത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച കലാപ്രതിഭകളെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആദരിച്ചു.