വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി യുവാവ്

ആലപ്പുഴ: മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങി മുങ്ങിത്താണ വിദ്യാർത്ഥിയെ യുവാവ് രക്ഷപെടുത്തി. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തൊഴാനെത്തിയ ബുധനുർ കടന്പൂര്‍ സോപാനത്തിൽ ശിവദാസൻ നായരുടെ മകന്‍ അരുൺദാസ് (28) ആണ് രക്ഷിച്ചത്. ഇന്ന് രാവിലെ 10 മണിയോടു കൂടിയാണ് സംഭവം. 

മാന്നാർ ഭുവനേശ്വരി സ്ക്കൂളിൽ പഠിക്കുന്ന നാലംഗസംഘം വിദ്യാർത്ഥികളാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ ആഴമേറിയ കുളത്തിൽ നീന്താൻ എത്തിയത്. കുളത്തിൽ ഏറെ നേരം നീന്തി കരയിൽ കയറിയ വിദ്യാർത്ഥികളിൽ ഒരു കുട്ടി വീണ്ടും കുളത്തിൽ നീന്താനിറങ്ങി. എന്നാൽ മധ്യ ഭാഗത്ത് എത്തിയപ്പോഴേക്കും കുളത്തിന്റെ ആഴമേറിയ ഭാഗത്ത് മുങ്ങി താഴ്ന്നു പോകുകയായിരുന്നു.

കരയിൽ നിന്നിരുന്ന മറ്റ് കൂട്ടുകാരായ വിദ്യാർത്ഥികൾ ഉച്ചത്തിൽ നിലവിളിച്ചതിനേ തുടർന്ന് അരുൺദാസ് കുളത്തിലേക്ക് എടുത്തു ചാടി കുമിളകൾ ഉയരുന്ന സ്ഥലം ലക്ഷ്യമാക്കി നീന്തി വെള്ളത്തിൽ മുങ്ങിതാഴ്ന്നു കൊണ്ടിരുന്ന വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചു.മൂന്നാറിൽ മുത്തൂറ്റ് ഹോട്ടൽ ഇൻഫ്രാസ്ട്രക്ച്ചറിൽ സിവിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയാണ് അരുൺദാസ്