പൂച്ച വീടെന്ന് നാട്ടുകാര്‍ ഈ വീടിനെ വിളിക്കുന്നത് ഈ കൊച്ചുവീട്ടില്‍ പൂച്ചകള്‍ക്കായി ഒരു മുറി തന്നെയുണ്ട്

കൊടുങ്ങല്ലൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഇസ്ഹാഖ് സേട്ടുവിന്റെ റേഷൻ കാർഡിൽ പേരുളളത് രണ്ടു അംഗങ്ങള്‍ക്ക് മാത്രമാണ്, പക്ഷെ ഇവരുടെ വീട്ടില്‍ താമസിക്കുന്നത് 36 പേരാണ്. സേട്ടുവും ഭാര്യയും ഓമനിച്ചു വളര്‍ത്തുന്ന 34 പൂച്ചകളാണ് മറ്റ് അംഗങ്ങള്‍.

കൊടുങ്ങല്ലൂര്‍ അഴീക്കോട് മാർത്തോമ സ്കൂളിന് സമീപമുളള ഇസ്ഹാഖ് സേട്ടുവിൻറെയും ഭാര്യ സഫിയയുടെയും വീടാണ് ഇത്. പൂച്ച വീടെന്ന് നാട്ടുകാര്‍ ഈ വീടിനെ വിളിക്കുന്നത്. 6 വര്‍ഷം മുമ്പ് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സേട്ടുവിൻറെ മുഖത്ത് ഒരു എലി കടിച്ചതില്‍ പിന്നെയാണ് ഇവര്‍ വീട്ടില്‍ പൂച്ചകളെ വളര്‍ത്താന്‍ തുടങ്ങിയത്.

പിന്നീടങ്ങോട്ട് പെറ്റുപെരുകി 34 പൂച്ചവരെയെത്തി. ഈ കൊച്ചുവീട്ടില്‍ പൂച്ചകള്‍ക്കായി ഒരു മുറി തന്നെയുണ്ട്. പകൽ മുഴുവൻ വീട്ടിലും പരിസരത്തും ചുറ്റിക്കറങ്ങുന്ന പൂച്ചകൾ രാത്രിയായാൽ മുറിയിൽ കയറും. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ മുറിയോട് ചേർന്ന് സിമന്റിടാത്ത ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.

പൂച്ചകള്‍ക്കായി ദിവസവും ഒന്നരകിലോഗ്രാം അരിയിടും. 150രൂപയ്ക്ക് മീനും വാങ്ങും. സൈക്കിൾ റിപ്പയറിംഗ് നടത്തി കുടുംബം പുലർത്തുന്ന ഇസ്ഹാഖ് സേട്ടുവിനും ഭാര്യയ്ക്കും വേണ്ട ഭക്ഷണത്തിന്റെ മൂന്നിരട്ടിയിലധികം വേണം പൂച്ചകൾക്ക്. മൂന്നുപെണ്‍മക്കളെയും വിവാഹം കഴിച്ച് അയച്ചതോടെ ഈ പൂച്ചകളാണ് ഇവരുടെ കൂട്ട്.