മിസ്ഡ് കോള്‍ പരിചയം; പ്രായപൂര്‍ത്തിയാവാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്ന് പരാതി
വയനാട്: മിസ് കോള് വഴി പരിചയപ്പെട്ടവർ പ്രായപൂര്ത്തിയാവാത്ത ആദിവാസി വിദ്യാര്ഥിനികളെ ഊട്ടിയിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. മാനന്തവാടി സ്വദേശികളായ പതിനേഴുകാരിയും പതിനാലുകാരിയുമാണ് ഇത് സംബന്ധിച്ച് പോലീസില് പരാതി നല്കിയിരിക്കുന്നത്. പരാതി ലഭിച്ചതോടെ പോക്സോ അടക്കമുള്ള വകുപ്പുകള് ചുമത്തി പോലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോടുള്ള യുവാക്കളെ കേന്ദ്രീകരിച്ചാണ് സ്പെഷ്യല് മൊബൈല് സ്ക്വാഡ് ഡി.വൈ.എസ്.പി കുബേരന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം. മൊബൈല് ഫോണ് വഴിയാണ് യുവാക്കള് പെണ്കുട്ടികളെ പരിചയപ്പെടുന്നത്. ജൂണ് 24 ന് പതിനേഴുകാരിയുടെ ഫോണിലേക്ക് കോഴിക്കോട് സ്വദേശിയായ മുപ്പതുകാരന്റെ ഫോണില് നിന്ന് മിസ്ഡ് കോള് വന്നതാണ് ബന്ധത്തിന്റെ തുടക്കം.
തുടര്ന്ന് പതിനേഴുകാരിയുടെ ബന്ധുവായ പതിനാലുകാരിയെ യുവാവ് തന്റെ സുഹൃത്തിന് പരിചയപ്പെടുത്തി നല്കി. രണ്ട് പെണ്കുട്ടികളെയും കാണാനെത്തിയ യുവാക്കള് ഇവരെ കാറില് കയറ്റി ഊട്ടിയില് പോയി മുറിയെടുത്തു. കഴിഞ്ഞ 16നാണ് കുട്ടികള് താമസിക്കുന്ന എസ്റ്റേറ്റ് പാടിയിലെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയത്.
തുടര്ന്ന് 17 -ന് ഇരുവരെയും സുല്ത്താന്ബത്തേരിയില് ഇറക്കിവിട്ട് യുവാക്കള് കടന്നു കളഞ്ഞെന്നാണ് പരാതിയില് പറയുന്നത്. ഇതിനിടെ വ്യാജ പേരും മേല്വിലാസവുമായിരുന്നു കുട്ടികള്ക്ക് യുവാക്കള് നല്കിയിരുന്നത്. ഫോണ്നമ്പര് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. പെണ്കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത് അനുസരിച്ച് പീഡനം, പീഡനശ്രമം, പോക്സോ, പട്ടികജാതി-വര്ഗ അതിക്രമനിയമം തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസ്.
