എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന വാദം തുടരുകയാണ് സഹോദരി എല്‍സ അന്വേഷണ മേല്‍നോട്ട ചുമതല ഐജി മനോജ് എബ്രഹാമിന്

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണ്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തിലാണ് പൊലീസ്. 

വിദേശി പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ടോ കോപ്പിയോ കൈവശം വെക്കണമെന്നാണ് നിയമം. എന്നാല്‍ ലിഗയുടെ കൈവശം ഇതൊന്നും ഇല്ലായിരുന്നു. ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവന്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്. 

മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയത്. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും സത്യം തെളിയുംവരെ ഇന്ത്യ വിട്ടുപോകില്ലെന്നുമാണ് സഹോദരി എല്‍സയുടെ നിലപാട്. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് എല്‍സ സ്വന്തം നിലക്ക് അന്വേഷണം നടത്തി. നിലവിലെ പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും എല്‍സ പറയുന്നു.

അതേസമയം ലിഗയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല ഐജി മനോജ് എബ്രഹാമിന് നല്‍കിയിട്ടുണ്ട്. ലിഗയുടെ മരണത്തില്‍ കുടംബാംഗങ്ങള്‍ ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷണത്തില്‍ പരിഗണിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.