തൃശൂർ: ശമ്പള പരിഷ്ക്കരണം പ്രഖ്യാപിക്കുന്നതിനും കെവിഎം സമരം ഒത്തുതീർക്കുന്നതിനും മാർച്ച് അഞ്ച് വരെ സമയം നൽകി സംസ്ഥാനത്ത് നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകി. നഴ്സുമാർക്കുനേരെയുള്ള പ്രതികാര നടപടികളും നോട്ടീസിൽ വിശദമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് 15 ദിവസത്തെ നോട്ടീസ് നൽകിയിട്ടുള്ളത്. തൊഴിൽ തർക്കം നിലനിൽക്കുന്ന തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജിലുൾപ്പടെ ഇതോടൊപ്പം അവകാശപത്രികയും നൽകിയിട്ടുണ്ട്. ഇവിടെ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടതാണ് ജൂബിലിയിലെ പ്രതിസന്ധിക്ക് കാരണം. ഇവിടെ സമരം ആശുപത്രി പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. യുഎൻഎയ്ക്ക് കീഴിലെ നഴ്സിംഗ് ഇതര ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഹോസ്പിറ്റൽ സ്റ്റാഫ് അസോസിയേഷൻ പ്രവർത്തകരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 ന് സംസ്ഥാനത്തെ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർക്കെല്ലാം ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാർക്ക് നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ഐസിയുവിലെ നഴ്സിനെ ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ജോലിക്ക് കയറ്റിയില്ലെന്നത് തൃശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയിരുന്നു. ജില്ലാ ലേബർ ഓഫീസർ ഇടപെട്ടാണ് തർക്കം തീർത്തത്. പത്തനംതിട്ട ജില്ലയിലെ ടിഎംഎം ആശുപത്രിയിലും സമരാനുകൂലികൾക്ക് നേരെയുള്ള പുറത്താക്കൽ ഭീഷണി പരാതികൾക്കിടയാക്കിയിരുന്നു.
ചേർത്തല കെവിഎം സമരം തീർപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നഴ്സിംഗ് സംഘടനാ നേതാക്കൾ ഊർജിതമാക്കി. യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷ ഉൾപ്പടെ നേതാക്കൾ ശനിയാഴ്ച വൈകീട്ട് കളക്ടർ അനുപമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നഴ്സുമാരുടെ ഭാഗം കേട്ട കളക്ടർ തിങ്കളാഴ്ച കെവിഎം മാനേജ്മെന്റുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. നഴ്സുമാരുമായി ചർച്ചക്ക് ആരോഗ്യവകുപ്പ് തയ്യാറെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇതേകുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ജാസ്മിൻഷ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. വിഷയം പഠിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് പ്രതീക്ഷയാണ്. മന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസമായി നിരാഹാരമിരിക്കുന്ന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ്റെ ആരോഗ്യനില കൂടുതൽ വഷളാവുകയാണ്.
ഇതിനിടെ സമരനായകൻ ഭക്ഷണം കഴിക്കുന്നതിന്റെ തെളിവ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വീഡിയോ നഴ്സുമാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന് ജാസ്മിൻ വിശദമാക്കി. ഹൈവെയിൽ യു-ടേൺ തിരിഞ്ഞ് സമരപന്തലിന് മുന്നിൽ നിർത്തിയ കാറിലേക്ക് നിരാഹാരമിരിക്കുന്ന സുജനപാൽ കയറുന്നതാണ് ദൃശ്യം. ഇത് സേവ് കെവിഎം എന്ന ഫേസ്ബുക്ക് ഐഡി വഴിയാണ് പ്രചരിച്ചത്. ഈമാസം 16 ന് പുലർച്ചെ കാറിൽ കയറി പോയ സുജനപാൽ രാവിലെ ആറിനാണ് തിരിച്ചെത്തിയതെന്നും സിസിടിവി ദൃശ്യങ്ങളാണിതെന്നും ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്തയായും വന്നിരുന്നു.
സമരപന്തലിൽ സൗകര്യങ്ങളില്ലാത്തതിനാൽ തൊട്ടടുത്തുള്ള യുഎൻഎ ഭാരവാഹിയുടെ വീട്ടിലാണ് പ്രാഥമിക കർമ്മങ്ങളും മറ്റും നിർവഹിക്കുന്നത്. ആദ്യമെല്ലാം നടന്നാണ് പോയിരുന്നതെങ്കിൽ ക്ഷീണമായതോടെ ഇതിനായി പ്രവർത്തകരുടെ വാഹനമാണ് ഉപയോഗിക്കുന്നത്. ഈ രംഗം വീഡിയോവിൽ ചിത്രീകരിച്ച് സുജനപാൽ ഭക്ഷണം കഴിക്കുന്നതായി പ്രചരിപ്പിക്കുന്നത്. ദിവസവും പ്രാഥമിക കാര്യങ്ങളും കുളിയുമെല്ലാം നടത്തുന്നതിന് വാഹനത്തിൽ കയറി പോകുന്നുണ്ട്. സംശയമുള്ളവർക്ക് ഇവയെല്ലാം നേരിട്ട് ചിത്രീകരിക്കാമെന്നും ജാസ്മിൻ പരിഹസിച്ചു. സർക്കാർ നിശ്ചയിച്ച മെഡിക്കൽ സംഘമാണ് ഇപ്പോൾ സുജനപാലിനെ പരിശോധിക്കുന്നത്. ഇവരുടെ റിപ്പോർട്ട് അതത് സമയങ്ങളിൽ ബന്ധപ്പെട്ടവർക്ക് കൈമാറുന്നുണ്ട്. ഇത് പ്രസിദ്ധീകരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും തെറ്റായ വീഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
