പഠിത്തം നിര്‍ത്തി പോയ ആദിവാസി വിദ്യാര്‍ഥികളെ പഠനനിലവാരത്തില്‍ മുമ്പിലെത്തിച്ചാണ് ഓടപ്പള്ളം ഹൈസ്‌കൂള്‍

വയനാട്: പഠിത്തം നിര്‍ത്തി പോയ ആദിവാസി വിദ്യാര്‍ഥികളെ പഠനനിലവാരത്തില്‍ മുമ്പിലെത്തിച്ചാണ് ഓടപ്പള്ളം ഹൈസ്‌കൂള്‍. എസ്.എസ്.എല്‍.സി പരീക്ഷഫലത്തില്‍ സംസ്ഥാന ശരാശരിയേക്കാളും പിന്നിലാണ് ഓടപ്പളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍. എങ്കിലും ഇത്തവണ 11 പേരുടെ വിജയത്തില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഭൂരിഭാഗവും ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍. കാരണമിതാണ്. ക്ലാസ് മുറികളെ വെറുത്ത് എട്ടാം ക്ലാസിലും ഒമ്പതിലും പഠനം നിര്‍ത്തി പോയ കുട്ടികളായിരുന്നു വിജയിച്ച ആ 11 കുട്ടികളും. 

വയനാട്ടിലെ ജില്ലയിലെ സ്‌കൂളുകളുടെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഓടപ്പള്ളം സ്‌കൂള്‍ പുറകിലാണെങ്കിലും ഈ വിജയത്തിന് നൂറുമേനിയെക്കാള്‍ തിളക്കമുണ്ടെന്ന് രക്ഷിതാക്കളടക്കം പറയുന്നു. സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധിയില്‍ ആണ് ഓടപ്പള്ളം സ്കൂള്‍ ഉള്ളത്. ആദിവാസി വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്നതായിരുന്നു ഇവിടുത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇതിന് പരിഹാരമായി കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ നടപ്പാക്കിയ 'എന്റെ ഗ്രാമം, എന്റെ വിദ്യാലയം' പദ്ധതിയിലൂടെയാണ് പണിയ, കാാട്ടുനായ്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തിരിച്ചെത്തിക്കാനായത്. 

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു പദ്ധതി നടപ്പാക്കിയത്. കൊഴിഞ്ഞ് പോക്ക് തടയനുള്ള വിദ്യാലയത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗികാരമായി ആര്‍.എം.എസ്.എ കേരളയുടെ മികവ്-2017 പുരസ്‌കാരവും സ്‌കൂളിന് ലഭിച്ചു. പഠനം നിര്‍ത്തിയ എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍2016-17ല്‍ ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ തിരിച്ചെത്തി. 

ഇതില്‍ 27 ട്രൈബല്‍ വിദ്യാര്‍ഥികളടക്കം 56 പേരുടെ ബാച്ചാണ് ഇത്തവണ പത്താം തരം പരീക്ഷ എഴുതിയിരുന്നത്. കൃത്യമായ പഠന തുടര്‍ച്ച ലഭിക്കാതിരുന്നിട്ട് കൂടി തിരിച്ചു വന്ന കൂട്ടികള്‍ക്ക് വിജയിക്കാനായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 42 ദിവസം നീണ്ടുനിന്ന സഹവാസ ക്യാമ്പ്, കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ തുടങ്ങിയവ കൃത്യമായി നടപ്പാക്കിയാല്‍ വരും വര്‍ഷങ്ങളിലും കൊഴിഞ്ഞുപോക്ക് തടയാനും വിജയശതമാനം വര്‍ധിപ്പിക്കാനും കഴിയുമെന്ന് സ്‌കൂളിലെ അധ്യാപകന്‍ ജിതിന്‍ജിത്ത് പറഞ്ഞു.