തിരുവനന്തപുരം: ചെമ്പൂര്‍ ചിലമ്പറയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെമ്പൂര്‍ ചിലമ്പറ തവരുകോണം റോഡരികത്തു വീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ കമലാഭായി(75) ആണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കമലാഭായിയുടെ മകനെയും മരുമകളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

വൃദ്ധയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കമലാഭായി ചിലമ്പറയിലാണ് താമസം. ഒരു വര്‍ഷമായി മകന്‍ മണിയന്‍ എന്നു വിളിക്കുന്ന രാജനും ഭാര്യ ലതയും ഇവരോടൊപ്പമാണ് താമസിക്കുന്നത്്. ഇരുവരും മദ്യപിച്ച ശേഷം കമലാഭായിയെ പലപ്പോഴും മര്‍ദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. 

ചൊവ്വാഴ്ച്ച രാവിലെ മുതല്‍ വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. രാത്രി 10 മണിയായപ്പോള്‍ വഴക്കിന്റെ തീവ്രത വര്‍ധിച്ചു. കമലാഭായിയെ മകനും മരുമകളും ഇതിനിടെ കൈയേറ്റം ചെയ്തതായും പ്രദേശവാസികള്‍ പറയുന്നു. 12 മണിയാതോടെ സമീപത്ത് താമസിക്കുന്ന കമലാഭായിയുടെ സഹോദരിയും മകളും പുറത്തിറങ്ങി നോക്കുമ്പോള്‍ കമലാഭായുടെ വീട്ടില്‍ നിന്നും പുകയുയരുന്നതാണ് കണ്ടത്. 

ഈ സമയം മകനും മരുമകളും വീടിനു മുന്‍വശത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ എത്തി തീ കെടുത്തിയെങ്കിലും അതിനോടകം കമലാഭായ് മരണപ്പെട്ടിരുന്നു. ഇതിനിടെ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച രാജനെയും ലതയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. ഇത്രയും പുകയുയരുന്നത് ശ്രദ്ധയില്‍പെട്ടിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നതാണ് സംശയത്തിനിടയാക്കിയത്. 

പൊലീസ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകായാണ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുയെന്നു ആര്യങ്കോട് എസ്.ഐ ശാന്തകുമാര്‍ പറഞ്ഞു. കമലാഭായുടെ മറ്റൊരു മകള്‍ അംബിക കൊല്ലാത്താണ് കുടുംബസമേതം താമസം.