മില്ലുടമകളുടെയും സര്‍ക്കാരിന്റെയും വഞ്ചന; കൃഷിയിറക്കേണ്ടെന്ന് തീരുമാനിച്ച് കോള്‍കര്‍ഷകര്‍

First Published 7, Apr 2018, 7:55 PM IST
paddy farmers protest against government and mills
Highlights

കോള്‍ കര്‍ഷകര്‍ നേരിടുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭപാതയിലേക്ക് തിരിയുന്നത്.

തൃശൂര്‍: മില്ലുടമകളുടെയും സര്‍ക്കാരിന്റെയും വഞ്ചനയില്‍ പ്രതിഷേധിച്ച് അടുത്ത സീസണില്‍ നെല്‍കൃഷി ഇറക്കേണ്ടെന്ന് തൃശൂരിലെ കോള്‍കര്‍ഷകരുടെ തീരുമാനം. സര്‍ക്കാര്‍ ഇടപെട്ട് നെല്ല് സംഭരണത്തിലെ കുടിശികയും ഹാന്‍ഡിലിങ് ചാര്‍ജ്ജുമുള്‍പ്പടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്ന മുറയ്ക്ക് തീരുമാനം പുനഃപരിശോധിക്കും. അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവും മില്ലുടമകള്‍ക്കെതിരെ നിയമപോരാട്ടവും നടത്തും. തൃശൂരില്‍ ജില്ലാ കോള്‍കര്‍ഷകരുടെ പൊതുയോഗത്തിലാണ് തീരുമാനം. കോള്‍ കര്‍ഷകരുടെ ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

കോള്‍ കര്‍ഷകര്‍ നേരിടുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭപാതയിലേക്ക് തിരിയുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഉല്പാദനക്ഷമതക്കുറവ്, അധികമായ ഉല്‍പാദന ചെലവ്, നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കാത്തത്, നെല്ല് സംഭരിച്ച് മില്ല് ഉടമകള്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച സംഭരണ-കൈകാര്യ ചെലവ് കമ്മികള്‍ക്ക് നല്‍ക്കാതെ മില്ല് ഉടമകള്‍ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് എല്ലാം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രണ്ട് തവണ യോഗം വിളിച്ചിരുന്നു. മില്ല് ഉടമ പ്രതിനിധികളും കര്‍ഷക പ്രതിനിധികള്‍, സപ്ലൈകോ മേധാവികള്‍ ഒന്നിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും മില്ലുടമകളുടെ പിടിവാശി മൂലം സര്‍ക്കാര്‍ തീരുമാനത്തിന് വിടുകയായിരുന്നു. ഇപ്പോള്‍ നെല്ല് സംഭരണം നടക്കുന്നുണ്ടെങ്കിലും ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ്ജ് നല്‍കുന്നതിന് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകിയ സാഹചര്യത്തിലാണ് ജില്ലാ കോള്‍ കര്‍ഷക സംഘം ജനറല്‍ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേര്‍ന്നത്.

അതേസമയം, ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി കോള്‍മേഖലയില്‍ കൃഷിയിറക്കിയിരുന്നത്. കൃഷി വകുപ്പിന്റെ പിന്തുണയോടെ ആരംഭിച്ച ഇരുപ്പൂ കൃഷിയടക്കം വന്‍ വിജയമായിരുന്നു. മനക്കൊടി മേഖലയിലെ പാടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഇരുപൂ കൃഷിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍ മഴ ആശ്വാസം പകര്‍ന്നു. ആവശ്യമായ വെള്ളം ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു നേരത്തെ കര്‍ഷകര്‍. വേനല്‍മഴക്ക് പിന്നാലെ ചിമ്മിണി ഡാമില്‍ നിന്നുള്ളവെള്ളവും മേഖലയിലേക്ക് ലഭിച്ച് തുടങ്ങിയതോടെ കര്‍ഷകര്‍ ശുഭപ്രതീക്ഷയിലാണ്. പുറത്തൂര്‍ പടവില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നടത്തിയ ഇരുപൂ കൃഷി വിജയകരമായിരുന്നു. ഈ വര്‍ഷം പുറത്തൂര്‍ പടവിനൊപ്പം, പള്ളിപ്പുറം-ആലപ്പാട് പാടശേഖര സമിതിയുടെ മേല്‍നോട്ടത്തിലുള്ള പുത്തന്‍കോള്‍, വാഴകോള്‍, തൊള്ളായിരം, ചാമ്പാംകോള്‍ മേഖലകളിലും ഇരുപൂ വിത്തിറക്കി. മണലൂര്‍താഴംപടവ്, അന്തിക്കാട് പടവ്, പുള്ള് പാടശേഖരം, വാരിയംപടവ്, ആലപ്പാട്ട് പടവ്, പള്ളിത്താഴം പടവ്, പഴുവില്‍ ജയന്തി പടവ്, ചേനംപടവ്, അടാട്ട്, കാരാഞ്ചിറ, കാട്ടൂര്‍ തുടങ്ങിയ പാടശേഖര സമിതികളും ഇരുപൂ കൃഷിയിറക്കുന്നതിനും ആലോചന തുടങ്ങി. നേരത്തെ ഈ പാടശേഖരങ്ങളില്‍ ഇരുപൂ കൃഷിയിറക്കിയിരുന്നു. ജലദൗര്‍ലഭ്യവും തൊഴിലാളി ക്ഷാമവും കാരണമാണ് ഇത് ഒഴിവാക്കിയിരുന്നത്. വെള്ളം ലഭ്യമാവുമെങ്കില്‍ കൃഷിയിറക്കാന്‍ സജ്ജമെന്നാണ് കര്‍ഷകരുടെ നിലപാട്. കുണ്ടോളിക്കടവിലെ നാല്പടവ് പാടം ഇരുപൂ കൃഷിയിറക്കി വിളവിനോടടുക്കുകയാണ്.

സര്‍ക്കാരും മില്ലുടമകളും മത്സരിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ നെല്‍കൃഷി തന്നെ ആശങ്കയിലാവുകയാണ്. ഇതര സംസ്ഥാനങ്ങളിലാവട്ടെ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വിളവാണ് ഇക്കുറിയുണ്ടായത്. സംസ്ഥാനത്തിന് നല്ലൊരു ശതമാനം നെല്ലുല്പാദിപ്പിച്ച് നല്‍കുന്ന കോള്‍ മേഖല നിശ്ചലമാകുന്നത് കനത്ത നഷ്ടമുണ്ടാക്കും.

loader