വിലക്ക് ലംഘിച്ച് അപകടമേഖലയില്‍ പ്രവേശിച്ചതിനാണ് കേസ് മീന്‍ പിടിച്ചതിന് പത്തു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കല്‍പ്പറ്റ: കനത്ത മഴയത്ത് മീന്‍ പിടിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഇട്ടാല്‍ പൊലീസ് പിടിക്കുമോ? നിരോധിത മേഖലയിലേക്ക് കടന്നുകയറിയുള്ള മീന്‍ പിടുത്തമാണെങ്കില്‍ അതെയെന്നാണ് പൊലീസിന്റെ ഉത്തരം. ഇത്തരത്തില്‍ മീന്‍ പിടിച്ചതിന് പത്തു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്നതോടെ കുതിച്ചെത്തിയത് വലിയ മീനുകളും. കുതിച്ചൊഴുകുന്ന വെള്ളത്തില്‍ മല്‍സ്യങ്ങള്‍ പാറകളില്‍ തലയടിച്ച് തെറിക്കാനും തുടങ്ങിയതോടെ ഷട്ടറിന് താഴെ മീന്‍ പിടുത്തക്കാരുടെ തിരക്കുമായി. അരയൊപ്പം പൊക്കമുള്ള മീനുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുക കൂടി ചെയ്തതോടെ പടിഞ്ഞാറത്തറയിലേക്ക് മീന്‍ പിടുത്തക്കാരുടെ ഉന്തും തള്ളുമായി. 

നാലുവര്‍ഷം മുമ്പ് ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ മീന്‍പിടിക്കാനിറങ്ങിയ പിണങ്ങോട് സ്വദേശിയായ ആദിവാസി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇവിടുത്തെ മീന്‍പിടുത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ നിരോധിത മേഖലയിലേക്ക് കടന്നുകയറി മീന്‍ പിടിച്ചവരെയാണ് പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. കുറ്റിയാടി സ്വദേശി ഷാനിഷ് (38), പനമരം സ്വദേശി ഷാബിദ് (25), ഹമീദ് (46), വെള്ളമുണ്ട സ്വദേശികളായ ലത്തീഫ് (27), അര്‍ഷാദ് (34), അനസ് (23), കീഞ്ഞുകടവ് റഷീദ് (42), പുളിഞ്ഞാല്‍ സ്വദേശി മുഹമ്മദ് ഷുഹൈബ് (19), കൊയിലേരി സ്വദേശി അനീഷ് (27), ആറുവാള്‍ സ്വദേശി മുനീര്‍ (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

പോലീസ് വിലക്ക് ലംഘിച്ച് അപകടമേഖലയില്‍ പ്രവേശിച്ചതിനാണ് കേസ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേ സമയം നൂറുകണക്കിന് മീനുകള്‍ ഇങ്ങനെ കണ്‍മുന്നിലൂടെ ഒഴുകി നടക്കുമ്പോള്‍ എങ്ങനെ പിടിക്കാതിരിക്കാനാകുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഷട്ടറുകള്‍ തുറന്നതോടെ ഡാമിന് സമീപത്തെ ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടെയെത്തുന്നത്. അപകട മുന്നറിയിപ്പ്പ ലംഘിച്ച് ആരെങ്കിലും മല്‍സ്യം പിടിക്കുന്നുണ്ടോയെന്ന പൊലീസ് നിരീക്ഷണം മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്.