തോക്ക് ചൂണ്ടി കവര്‍ച്ച സിസിടിവി ദൃശ്യങ്ങളും തുണച്ചില്ല ഉത്തരം കിട്ടാതെ പോലീസ്

കോഴിക്കോട് : പെട്രോള്‍പമ്പില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടന്നിട്ട് ഒരാഴ്ചയാവാറായിട്ടും പ്രതിയെ കുറിച്ചു പൊലീസിനു യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കവര്‍ച്ച നടന്ന പെട്രോള്‍ പമ്പിലുള്‍പ്പെടെ സമീപപ്രദേശങ്ങളിലെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം പെയ്ത മഴയും ഇരുട്ടും സിസിടിവി ദൃശ്യങ്ങെള ബാധിച്ചിരുന്നതായി എസ്‌ഐ പി. വിശ്വനാഥന്‍ പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങളാണ് അഞ്ചു ദിവസത്തിനുള്ളില്‍ പോലീസ് പരിശോധിച്ചത്. ഇതില്‍ പലതും പ്രവര്‍ത്തന രഹിതമായിരുന്നു. 

ഇതോടെ പ്രതിയെ കണ്ടെത്താന്‍ സഹായകരമാവുമെന്നു പൊലീസ് കരുതിയ പ്രധാന വഴിയും അടഞ്ഞു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നോ, ഇതരദേശക്കാരനാണെന്നോ, സംഘമായി ചേര്‍ന്നു നടത്തിയ പദ്ധതിയാണെന്നോ സ്ഥിരീകരിക്കത്തക്ക യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു എസ്‌ഐ അറിയിച്ചു. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി ഊര്‍ജ്ജിതമായ അന്വേഷണമാണ് തുടരുന്നത്. 

സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള അംഗങ്ങളും നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. പതിനായിരക്കണക്കിന് മൊബൈല്‍ കോളുകളാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചുവരുന്നത്. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. 

കളന്‍തോട് ഭാരത് പെട്രോളിയത്തിന്റെ എഇകെ ഫ്യൂവല്‍ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് കവര്‍ച്ച നടന്നത്. ശക്തമായ മഴയെ തുടര്‍ന്നു വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഈ സമയത്താണ് മുഖം മറച്ച ഒരാള്‍ ഓഫീസിലെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയത്. പമ്പിലെ ജീവനക്കാരനായ അര്‍ഷിദിന് നേരെ തോക്ക് ചൂണ്ടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പമ്പിന്‍റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പമ്പിലുണ്ടായിരുന്ന 1,08,000 രൂപയാണ് കവര്‍ന്നത്. പണവുമായി വീട്ടിലേക്ക് പോവാനിറങ്ങവേയാണ് മോഷ്ടാവ് എത്തി തോക്കു ചൂണ്ടി പണം കവര്‍ന്നത്.