കാക്കിക്കുള്ളിലെ കവി ഹൃദയം; സി ആര്‍ സന്തോഷിന്‍റെ പൊലീസ് ഗാനം വൈറല്‍

First Published 29, Mar 2018, 10:09 PM IST
police song from asi cr santhosh
Highlights
  • സിആര്‍ സന്തോഷിന്‍റെ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇടുക്കി: കാക്കിയിട്ട്‌ നിയമത്തിന്‌ കാവലാളാകുമ്പോഴും കാക്കിക്കുള്ളിലും ഒരു കലാഹൃദയമുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ അടിമാലി ജനമൈത്രി പൊലീസ്‌ സ്‌റ്റേഷനിലെ ഒരു പറ്റം പോലീസ്‌ ഉദ്യാഗസ്ഥര്‍. പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനവേദിയില്‍ അവതരിപ്പിക്കപ്പെട്ട സ്വാഗത ഗാനമാണ്‌ വരികള്‍ കൊണ്ടും ആലാപന ഭംഗികൊണ്ടും ആസ്വാദക ശ്രദ്ധ നേടുന്നത്‌.

കാക്കിക്കുള്ളിലും ഒരു പച്ചയായ മനുഷ്യനുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ അടിമാലി സര്‍ക്കിള്‍ ഓഫീസിലെ പൊലീസുദ്യാഗസ്ഥനായ സി ആര്‍ സന്തോഷ്‌ രചിച്ച ഈ പൊലീസ്‌ ഗാനം. 29-ാമത് ഇടുക്കി ജില്ലാ സമ്മേളന വേദിയില്‍ അവതരിപ്പിച്ച സ്വാഗത ഗാനമാണ്‌ ഏതാനും ദിവസങ്ങള്‍കൊണ്ട്‌ വൈറലായി മാറിയത്‌. വാട്‌സപ്പും ഫെയ്‌സ്‌ബുക്കും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ ഇതിനോടകം രാജ്യത്തിന്‌ പുറത്തുള്ളവര്‍ പോലും ഈ പൊലീസ്‌ പാട്ട്‌ ആസ്വദിച്ചു കഴിഞ്ഞു. 

നിയമ പാലകരായി ഓരോ പൊലീസ്‌ ഉദ്യോഗസ്ഥനും നിലകൊള്ളുമ്പോഴും കാക്കിയാല്‍ മൂടിയ മനസ്സിനുള്ളില്‍ സ്‌നേഹവും കരുണയും കലയും തുടിക്കുന്ന, ആഘോഷങ്ങളില്‍ അലിയാന്‍ കൊതിക്കുന്ന ഹൃദയമുണ്ടെന്ന്‌ ഗാനം സാക്ഷ്യപ്പെടുത്തുന്നു. തന്റെ രണ്ട്‌ പതിറ്റാണ്ട്‌ കാലത്തെ സേവനത്തിനിടയില്‍ കണ്ടും കേട്ടും അറിഞ്ഞും മനസ്സില്‍ പതിഞ്ഞ പൊലീസ്‌ ജീവിതങ്ങള്‍ കടലാസില്‍ പകര്‍ത്തുക മാത്രമാണ്‌ ചെയ്‌തതെന്നും സാഹിത്യം തെല്ലും ഗാനത്തിലില്ലെന്നും ഗാനം രചിച്ച സി ആര്‍ സന്തോഷ്‌ പറഞ്ഞു.

സംഗീതം ചെയ്യാനായി ലഭിച്ച വരികള്‍ ആദ്യം വായിച്ചപ്പോള്‍ വലിയ താല്‍പര്യം തോന്നിയില്ലെന്നും എന്നാല്‍ വരികള്‍ക്കുള്ളിലെ അര്‍ത്ഥം മനസ്സിലായതോടെ അതിന്റെ ഭാവ തീവ്രത ഉള്‍ക്കൊണ്ട്‌ പിന്നീട്‌ വരികള്‍ക്ക്‌ ഈണം നല്‍കാന്‍ സാധിച്ചെന്നും പൊലീസ്‌ ഗാനത്തിന്‌ സംഗീതമൊരുക്കിയ അടിമാലി സ്വദേശിയും സംഗീതാധ്യാപകനുമായ കെ പി ഷാജി പറഞ്ഞു. എസ്‌ഐയും എഎസ്‌ഐമാരും മൂന്ന്‌ വനിതാ പോലീസുകാരുള്‍പ്പെടെ പത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു സമ്മേളനവേദിയില്‍ ഗാനമവതരിപ്പിച്ചത്‌.

ഗാനം ആസ്വാദക ഹൃദയം കവര്‍ന്നതോടെ പൊലീസ്‌ സേനയുടെ തീം സോങ്ങായി ഗാനത്തെ പരിഗണിക്കണമെന്ന ചര്‍ച്ചയും സമ്മേളന വേദിയില്‍ തന്നെ ഉയര്‍ന്നിരുന്നു. അടിമാലിയില്‍ നടന്ന അസോസിയേഷന്റെ സമ്മേളനം വര്‍ണ്ണാഭമാക്കുന്നതിനായി തയ്യാറാക്കിയ ഗാനം സേനാംഗങ്ങള്‍ക്കിടയില്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കിടിയില്‍ കൂടി അപ്രതീക്ഷിതമായി വൈറലായതിന്റെ സന്തോഷത്തിലാണ്‌ അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍.

 

loader