വീൽ ചെയറിലായവരുടെ പ്രശ്നങ്ങൾ പറയാൻ കാറോടിച്ച് പ്രജിത്ത് ദില്ലിയിലേക്ക്
കോഴിക്കോട്: വാഹനാപകടത്തിൽ ശരീരം തളർന്ന് പോയ പ്രജിത്ത് ജയപാൽ കാറോടിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക്. ജീവിതം വീൽചെയറിലായവരുടെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാനാണ് ഈ യാത്ര. അംഗപരിമിതരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തുകയാണ് പ്രജിത്തിന്‍റെ പ്രധാനലക്ഷ്യം. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കാനാണ് പ്രജിത്ത് ദില്ലിയിലേക്ക് പതിനൊന്നായിരത്തോളം കിലോമീറ്റർ കാറോടിച്ച് പോകുന്നത്.
കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പ്രജിത്ത് ജയപാലിന് 2011 ഏപ്രിൽ ഒന്നിന് തൊണ്ടയാട് ഉണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്നത്. രണ്ട് വർഷം തുടർച്ചയായ ആയൂർവേദ ചികിത്സയിലൂടെയാണ് ശരീരത്തിന് ചെറിയ മാറ്റം വരുന്നത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദ കൂട്ടായ്മകളിൽ സജീവമായി.
വീൽചെയറിലായെങ്കിലും സുഹൃത്തുക്കൾക്കൊപ്പം ചെറുയാത്രകൾ നടത്തിയിരുന്ന പ്രജിത്തിന്‍റെ നിശ്ചയദാർഢ്യമാണ് ദില്ലിയിലേക്ക് സ്വയം കാറോടിച്ച് പോകാൻ പ്രേരിപ്പിച്ചത്. ഏഴ് വർഷം മുൻപുള്ള ഏപ്രിൽ ഒന്നാണ് തന്നെ തളർത്തിയത്. തനിക്ക് ദുരന്തം പിണഞ്ഞതിന്‍റെ എഴാം വാര്‍ഷിക ദിനമായ വരുന്ന ഏപ്രിൽ ഒന്നിനാണ് ദില്ലിയിലേക്ക് യാത്രതുടരുന്നതെന്ന് പ്രജിത്ത് പറഞ്ഞു.
ഒന്നിന് രാവിലെ ഒൻപത് മണിയ്ക്ക് വെള്ളിമാട്കുന്ന് ജെഡിറ്റി ഇസ്‌ലാം കോളെജിൽ നിന്നും പുറപ്പെടുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് എം.കെ. രാഘവൻ എംപി നിർവഹിക്കും. എംഎൽഎമാരായ ഡോ.എം.കെ. മുനീർ, എ. പ്രദീപ്കുമാർ, സിറ്റി പൊലീസ് കമിഷണർ കാളിരാജ് മഹേഷ് കുമാർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജെസിഐ, ട്രോമാ കെയർ കോഴിക്കോട്, റോട്ടറി എന്നിവയുടെ സഹകരണത്തിടെ നടത്തുന്ന യാത്രയ്ക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകും. കണ്ണൂർ, കാസർഗോഡ്, മാംഗളൂർ, സുലൈ, ബംഗളൂരു, തുംങ്കൂർ, ചിത്രദുർഗ, ഹുംബ്ലി, ഗോവ, ബെൽഗാം, കോലാപൂർ, പൂനെ, മൂംബൈ, സൂർത്ത്, വഡോധര, അഹമ്മദാബാദ്, ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങൾ വഴി ഏപ്രിൽ 24ന് ദില്ലിയിലെത്തും.
ഒരു ടെക്നീഷ്യനും ഒരു സഹായിയും പ്രജിത്തിനെ അനുഗമിക്കും. പ്രധാനമന്ത്രിയ്ക്ക് താൻ തന്നെ വരച്ച ചിത്രം പ്രജിത്ത് സമ്മാനിക്കും. ഒരു കാൽനഷ്ടപ്പെട്ടിട്ടും ഹിമാലയം കീഴടക്കിയ അരുണിമ സിൻഹയുമായി കൂടിക്കാഴ്ച നടത്തും. അംഗപരിമിതർക്കുള്ള തൊഴിൽമേള സംഘടിപ്പിക്കാനും പ്രജിത്തിന് പരിപാടിയുണ്ട്.
