കൊലപാതകം നടന്നത് ഒരുവര്‍ഷം മുമ്പ് ഭര്‍ത്താവും മകനും അറസ്റ്റില്‍ 

ഇടുക്കി: ഗുണ്ടുമലയില്‍ കുരുന്നുകളുടെ മുമ്പിലിട്ട് ആയയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും മകനും അറസ്റ്റില്‍. രാജഗുരുവിന്റെ ഭര്‍ത്താവ് മണികുമാര്‍ (46), മകന്‍ രാജ്കുമാര്‍ (18) എന്നിവരാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ഒരുവര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ഗുണ്ടുമല അംഗനവാടി ആയയായിരുന്ന രാജഗുരുവിനെ ഉച്ചയോടെ കെട്ടിടത്തിനുള്ളില്‍ കത്തികൊണ്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കുരുന്നുകള്‍ ഉറങ്ങുന്നതിനിടെ കെട്ടിടത്തില്‍ പ്രവേശിച്ച കൊലപാതകി രാജഗുരുവിനെ വെട്ടികൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. സംഭവത്തില്‍ മൂന്നാര്‍ സി ഐ സാംജോസിന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ഇടുക്കി എസ്പി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ആറുമാസത്തോളം നടന്ന അന്വേഷണത്തില്‍ പ്രതി മകനാണെന്ന് കണ്ടെത്തിയെങ്കിലും പ്രയം തികയാത്തതിനാലും തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാതെവത്തിനാലും അറസ്റ്റ് ചെയ്തില്ല. 

പ്രായം പൂര്‍ത്തിയായതോടെ മകന്‍ രാജ്കുമാര്‍ തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സംഘം തമിഴ്നാട്ടില്‍ നിന്ന് രാജ്കുമാറിനെ പിടികൂടിയതോടെയാണ് കൊലപാതകിയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് മകന്‍ പൊലീസിന് മൊഴിനല്‍കിയതെന്നാണ് സൂചന. ഇതോടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.