കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യം

ഇടുക്കി: വിഷുവിന് വിഷരഹിത പച്ചക്കറി ജനങ്ങള്‍ എത്തിച്ചുനല്‍കുന്നതിന്‍റെ തിരക്കിലാണ് കൃഷിവകുപ്പിന്റെ സഹായത്തോടെ രാജാക്കാട് പ്രവര്‍ത്തിക്കുന്ന സുരക്ഷിത ഇക്കോഷോപ്പ്. പ്രദേശത്തെ കര്‍ഷകര്‍ ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളാണ് വില്‍പ്പനയ്ക്കായി ഇക്കോ ഷോപ്പില്‍ എത്തിച്ചിരിക്കുന്നത്. 

പയറ്, പാവല്‍, ബീന്‍സ്, തക്കാളി, കോവല്‍, വഴുതന, മത്തങ്ങാ, കണിവെള്ളരി തുടങ്ങിയ എല്ലാവിധ പച്ചക്കറികളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. പച്ചക്കറികള്‍ക്കൊപ്പം കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉല്‍പ്പാദിപ്പിക്കുന്ന പാല്, തൈര്, അച്ചാര്‍, കൂണ്‍ എന്നിവയും ലഭ്യമാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പ് വരുത്തുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കുവാനും ഇക്കോ ഷോപ്പിന് കഴിയുന്നു.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനും ജനങ്ങള്‍ക്ക് ജൈവ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുമാണ് നെടുങ്കണ്ടം ബ്ലോക്ക് കൃഷി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ രാജാക്കാട് ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് നിലവില്‍ ഒന്നര വര്‍ഷം പിന്നിടുകയാണ്.