85,000 രൂപയും നാല് പവന്‍ സ്വര്‍ണാഭരണങ്ങളും പ്ലാറ്റിനം മോതിരവും കവര്‍ന്നു

ആലപ്പുഴ: ചാരുംമൂട് മേഖലയില്‍ വീണ്ടും മോഷണം. 85,000 രൂപയും നാല് പവന്‍ സ്വര്‍ണാഭരണങ്ങളും പ്ലാറ്റിനം മോതിരവും കവര്‍ന്നു. ചാരുംമൂട് വലിയ വിളയില്‍ കെ ഫസല്‍ അലിഖാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. 

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഫസല്‍ അലിഖാന്റെ മകന്‍ കിടന്ന മുറിയിലെ അലമാര കുത്തിതുറന്ന് ഡ്രോയില്‍ സൂക്ഷിച്ചിരുന്ന 85,000 രൂപയും നാല് പവന്‍ ആഭരണവും, അറുപതിനായിരം രൂപ വിലവരുന്ന വജ്രക്കല്ല് പതിച്ച പ്ലാറ്റിനം മോതിരവും കവര്‍ന്നു. മകന്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഉണര്‍ന്ന ഭര്‍ത്താവ് മോഷ്ടാവിനെ കടന്നുപിടിച്ചതോടെ ഇവര്‍ മുറിക്കുള്ളില്‍ നിന്നു പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

രണ്ട് പേരായിരുന്നു കവര്‍ച്ച സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ഇതേസമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന വേലക്കാരിയുടെ മാലയില്‍ കയറി പിടിച്ചെങ്കിലും ഒരു ഭാഗം മാത്രമേ ലഭിച്ചുള്ളൂ. രാത്രിയില്‍ ആരോ നടന്നു പോകുന്നതായി കേട്ടതായി സമീപമുള്ള വീട്ടുകാര്‍ പറയുന്നു. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. 

മാവേലിക്കര സി ഐ. പി ശ്രീകുമാര്‍, നൂറനാട് എസ് ഐ. ബി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് ദിവസം മുമ്പ് മേഖലയിലെ താമരക്കുളത്ത് രണ്ടു വീടുകളില്‍ നിന്നു സമാനമായ രീതിയില്‍ മുപ്പതിനായിരം രൂപയും നാല് പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും മോഷണം.