തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഈമാസം 30ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഹൈന്ദവ സംഘടനകള്‍ തൃശൂരില്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.  ശബരിമല ആചാരാനുഷ്ഠാനം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹൈന്ദവ വിശ്വാസ വിരുദ്ധ നിലപാട് തിരുത്തുക, ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന് ശബരിമല ദേവത അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. 

അവശ്യ സര്‍വീസുകളേയും പ്രളയ ബാധിത മേഖലയായ കുട്ടനാടിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുവതി പ്രവേശനം എന്ത് വിലകൊടുത്തും തടയുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. കോടതി യുവതികളെ ശബരിമലയില്‍ കയറാന്‍ വിധിച്ചാല്‍ പമ്പയില്‍വെച്ച് തടയുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, വിശാല വിശ്വകര്‍മ ഐക്യവേദി ജനറല്‍ സെക്രട്ടറി വി കെ വിക്രമന്‍, ശ്രീരാമസേന കേരള പ്രസിഡന്റ് ബിജു മണികണ്ഠന്‍, ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ. ഭക്തവല്‍സലന്‍ എന്നിവര്‍ വ്യക്തമാക്കി.