അധികൃതരുടെ നടപടിക്കെതിരെ കടലില്‍ ഇറങ്ങി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തൃശൂര്‍; ജില്ലയില്‍ കനത്ത മഴ തുടരുന്നു. തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മണ്ണിടിച്ചല്‍ സാധ്യത കണ്ട് മലയോരയാത്രകള്‍ ഒഴിവാക്കണമെന്നും ന്യൂനമര്‍ദ്ദം ശക്തമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ അറിയിപ്പും. ശക്തമായ കടല്‍ക്ഷോഭത്തില്‍ എറിയാട് പഞ്ചായത്തില്‍ മാത്രം രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിലായി. നൂറിലധികം വീടുകള്‍ താമസ യോഗ്യമല്ലാതായിട്ടുണ്ട്. കടപ്പുറത്തിന് ഒന്നര കിലോമീറ്റര്‍ ദൂരംവരെ കടലെത്തി. ഇവിടങ്ങളില്‍ വീടുകളിലെല്ലാം വെള്ളവും കടല്‍ ചളിയും നിറഞ്ഞിരിക്കുകയാണ്. 

വൈദ്യുതിയും, കുടിവെള്ളവുമില്ലാതെ കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ട തീരപ്രദേശം നാളിതുവരെ കാണാത്ത ദുരിതത്തെയാണ് അഭിമുഖീകരിക്കുന്നത്. ഓഖിദുരന്ത സമയത്ത് രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ കടല്‍കയറിയെങ്കിലും ജലനിരപ്പ് കുറവായിരുന്നു. എന്നാല്‍ ഇത്തവണ അരക്കൊപ്പം കടല്‍ വെള്ളം വന്നു നിറഞ്ഞ അവസ്ഥയിലാണ് തീരപ്രദേശം. ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. വാടാനപ്പിള്ളി-തളിക്കുളം സീവോള്‍ റോഡ് പലയിടത്തും കടലെടുക്കാറായ സ്ഥിതിയിലാണ്. ആയിരക്കണക്കിന് വീടുകളാണ് വെള്ളം കയറി താമസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്.

ഇതിനിടയില്‍ കടല്‍ക്ഷോഭ കെടുതികള്‍ അനുഭവിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ കടലില്‍ ഇറങ്ങി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എത്തായ്, അഴിമുഖം, പൊക്കുളങ്ങര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ജനജീവിതം ദുസ്സഹമായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ ഏഴ് എഐവൈഎഫ് പ്രവര്‍ത്തകരാണ് കടലില്‍ ഇറങ്ങി പ്രതിഷേധിച്ചത്. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളായ സ്ത്രീകളും കടലില്‍ ഇറങ്ങി. 

വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരോട് കരയില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പ്രതിഷേധത്തിനിടെ തിരയില്‍ ഒഴുകിയെത്തിയ മരത്തടിയിടിച്ച് എഐവൈഎഫ് പ്രവര്‍ത്തകന്‍ സേവ്യറിന്‍റെ കാലിന് പരിക്കേറ്റു. നാലുമണിക്കൂര്‍ കഴിഞ്ഞ് ചാവക്കാട് തഹസില്‍ദാര്‍ പി പ്രേംചന്ദ് സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രം കരയില്‍ കയറുവെന്ന നിലപാടായിരുന്നു പ്രവര്‍ത്തകരുടേത്. പിന്നീട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ബാബു സേവ്യര്‍ സ്ഥലത്തെത്തി പരിഹാരം കണ്ടെത്താമെന്ന ഉറപ്പില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കനോലിക്കനാലിന്‍റെ ഓരത്തെ മണലൂര്‍, അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളില്‍ ആളുകള്‍ ദുരിതത്തിലായി. താന്ന്യം പഞ്ചായത്തിലെ 50 ഓളം വീട്ടുകാരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, 12,13 വാര്‍ഡുകളിലെ വീടുകളിലാണ് വെള്ളം കയറിയത്. മണലൂര്‍ സെന്‍റ് ഇഗ്നേഷ്യസ് എല്‍പി സ്‌കൂള്‍, കാഞ്ഞാണി സെന്‍റ് തോമസ് എല്‍പി സ്‌കൂള്‍, കാഞ്ഞാണി സെന്‍റ് തോമസ് പാരിഷ് ഹാള്‍ എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് വീട്ടുകാരെ മാറ്റിതാമസിപ്പിച്ചത്.

കനത്തമഴയില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും. കുന്നത്തങ്ങാടി വെളുത്തൂരില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടിലകപ്പെട്ട അമ്മയേയും കുഞ്ഞിനേയും ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു. വെളുത്തൂര്‍ ചിത്ര ക്ലബിന് സമീപം മമ്മിയൂര്‍ വീട്ടില്‍ ലിനി ദുഷ്യന്തന്‍റെ വീടാണ് വെള്ളം കയറി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായത്.