കൗൺസിലർമാർ കടലാക്രമണമുള്ള മേഖലകളിലെത്തി ദുരന്തനിവാരണ പ്രവർത്തനത്തിലേർപ്പെടുമ്പോള്‍ നഗരസഭാ ചെയർമാൻ ഇതുവഴി വരാറേ ഇല്ലന്ന് നാട്ടുകാർ ആരോപിച്ചു
കാസർകോട് : കാസർകോടിന്റെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കടലാക്രമണം തടയുന്നതിനായെടുത്ത തീരുമാനങ്ങളും പദ്ധതികളും ഇന്നും കടലാസ്സിൽ തന്നെ. രൂക്ഷമായികൊണ്ടിരിക്കുന്ന കടലാക്രമണത്തെ തുടർന്ന് ജില്ലയുടെ തീരദേശങ്ങളിലുള്ള നിരവധി കുടുംബങ്ങളാണ് ഭീതിയില് കഴിയുന്നത്. മിക്കവരുടെയും കിടപ്പാടങ്ങൾ ഇതിനകം കടലെടുത്തു കഴിഞ്ഞു.
വീട് നഷ്ട്ടപ്പെട്ടവർ ബന്ധു വീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. ശക്തമായ തിരമാലകളിൽപ്പെട്ട് കടൽ ഭിത്തികള് മിക്കതും തകർന്നു കഴിഞ്ഞു. ചിലസ്ഥലങ്ങളിൽ കടൽ ഭിത്തി പൂഴിയിലേക്ക് താഴ്ന്ന നിലയിലാണ്. നീലേശ്വരം തൈക്കടപ്പുറത്ത് നഗരസഭാ കൗസിലറുടെതടക്കം നിരവധി കുടുംബങ്ങളെ കടലാക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തീരദേശ കൗൺസിലർ ടി.പി.ബീനയുടെ വീട് ഏത് നിമിഷവും കടൽ എടുക്കുമെന്ന അവസ്ഥയിലാണ്. ഇവരുടെ വീടിനടുത്തുള്ള കടൽഭിത്തി ശക്തമായ തിരമാലയിൽ തകരുകയും കടലിലേക്ക് താഴുകയും ചെയ്തു. ഈ പ്രദേശത്ത് അൻപതോളം കുടുംബങ്ങൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.
കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് കടൽഭിത്തി നിർമ്മിക്കണമെന്ന നഗരസഭാ പ്രമേയം ഇപ്പോഴും കടലാസ്സിൽ തന്നെയാണ്. ആറുമാസം മുൻപാണ് കൗൺസിലർ എ.പ്രകാശൻ നഗരസഭാ യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയും പ്രമേയം പാസാക്കി അംഗീകരിക്കുകയും ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ കടൽ ഭിത്തി നിർമ്മാണത്തിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവർ കൈകൊള്ളുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
തൈക്കടപ്പറം സ്റ്റോർ കവല മുതൽ തൈക്കടപ്പുറം വി.ജി.എം. എൽ.പി. സ്കൂൾ വരെയാണ് നിലവിൽ കടൽ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. ബോട്ട് ജെട്ടിവരെയുള്ള ഭാഗങ്ങളിൽ കടൽ ഭിത്തിയില്ല. ഇത് കടലേറ്റം രൂക്ഷമാകാൻ കാരണമാകുന്നു. ഇതേത്തുടർന്ന് 2017 ഡിസംബറില് തീരദേശ കൗൺസിലർ പ്രകാശനാണ് കൗൺസിൽ യോഗത്തിൽ കടൽഭിത്തി നിർമ്മാണ പ്രമേയം അവതരിപ്പിച്ചത്.
തൈക്കടപ്പുറം തീരദേശ മേഖലയാകെ കടൽഭിത്തി നിർമ്മിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം. എന്നാൽ ഫിഷറീസ് വകുപ്പോ നഗരസഭാ അധികൃതരോ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കടലാക്രമണം രൂക്ഷമാകുമ്പോൾ ഇവർക്ക് ആകെയുള്ള സമാധാനം തീരദേശ കൗൺസിലർമാരുടെ ഇടപെടലാണ്. സി.പി.എം.ഭരിക്കുന്ന നീലേശ്വരം നഗരസഭയിലെ ഏഴ് യു.ഡി.എഫ് കൗൺസിലർമാർ കടൽ പ്രഷുബ്ധമാണെന്ന് കേട്ടാൽ ഇവിടേക്ക് ഓടിയെത്തും.
അടിയന്തിര സാഹചര്യമൊരുക്കാൻ ഇവർ കാണിക്കുന്ന പ്രവർത്തനങ്ങൾ ചെറുതല്ല. ടി.പി.ബീന, റഷീദ, എം.ലത, ആയിഷാബി, ശശികുമാർ, പ്രകാശൻ, കരുണാകരൻ എന്നീ കൗൺസിലർമാർ കടലാക്രമണമുള്ള മേഖലകളിലെത്തി ദുരന്തനിവാരണ പ്രവർത്തനത്തിലേർപ്പെടുമ്പോള് നഗരസഭാ ചെയർമാൻ ഇതുവഴി വരാറേ ഇല്ലന്ന് നാട്ടുകാർ ആരോപിച്ചു. കാസർകോട് ഉപ്പള മുസോടിയിലും ശക്തമായ കടലാക്രമണം തുടരുകയാണ്. നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപാർപ്പിച്ചുട്ടുണ്ട്.
