വരള്‍ച്ച: വയനാട്ടിലെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

ബത്തേരി: വേനല്‍ച്ചൂടില്‍ തളര്‍ന്ന് വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍. മഴയില്ലാതായതോടെ ജില്ലയിലാകമാനം പച്ചപ്പുല്ലിന് കടുത്ത ക്ഷാമമാണ് കര്‍ഷകര്‍ നേരിടുന്നത്. സമയത്തിന് തീറ്റ നല്‍കാന്‍ ഇല്ലാത്തതിനാല്‍ പലരും കന്നുകാലികളെ അയല്‍ ജില്ലകളിലേക്ക് വില്‍പ്പന നടത്തുകയാണ്. ചെറുകിട ഫാമുകളാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ഫാമുകള്‍ ഉള്ളവര്‍ പച്ചപുല്‍ കൃഷി ചെയ്യുന്നവരുടെ പക്കല്‍ നിന്ന് വില നല്‍കി തീറ്റ വാങ്ങുകയായിരുന്നു ഇതുവരെ. എന്നാല്‍ വന്‍കിട ഫാമുകാര്‍ വില കൂടുതല്‍ നല്‍കി ഇവ കൊണ്ടുപോകാന്‍ തുടങ്ങിയതാണ് സാധാരണക്കാര്‍ക്ക് തിരിച്ചടിയായത്. 

15 വരെ പശുക്കളുള്ള ചെറുകിട ഫാമുകാരില്‍ ചിലര്‍ക്ക് സ്വന്തമായി പച്ചപ്പുല്‍ തോട്ടങ്ങളുണ്ട്. എന്നാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ വേണ്ടത്ര പുല്ല് അരിഞ്ഞെടുക്കാനും കഴിയുന്നില്ല. ജലാംശമില്ലാത്തതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പുല്ല് വളര്‍ച്ചയെത്താത്തതാണ് കാരണം. ഒരാഴ്ചയിലധികം ഇടവേളയിട്ടാണ് ഇപ്പോള്‍ പലരും പുല്‍കൃഷിക്ക് വെള്ളമെത്തിക്കുന്നത്. വയനാട്ടിലെ പാടശേഖരങ്ങളിലെല്ലാം കൃഷിക്ക് വെള്ളമെടുക്കുന്നതിനുള്ള കേണികള്‍ സുലഭമാണെങ്കിലും വിരലിലെണ്ണാവുന്നവയില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. വേനല്‍ നേരെത്തെ എത്തിയതും ഇടവിട്ട് പെയ്യുന്ന മഴ കുറഞ്ഞതുമാണ് കേണികള്‍ ഉപയോഗശൂന്യമാകാന്‍ കാരണം.

അല്‍പമെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത് കര്‍ണാടകത്തില്‍ ചോളത്തിന് വില ഇടിഞ്ഞതാണ്. ഇതുമൂലം ദിവസേന 25 ലധികം ലോഡ് ചോളം അതിര്‍ത്തി കടന്നെത്തുന്നുണ്ട്. പുല്‍പ്പള്ളി, സുല്‍ത്തന്‍ ബത്തേരി, ഇരുളം, അമ്പലവയല്‍ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്കാണ് കര്‍ണാടകയിലെ എച്ച്.ഡി കോട്ട, ഗുണ്ടല്‍പേട്ട് താലൂക്കുകളില്‍ നിന്ന് ഇപ്പോള്‍ ചെടിയോടെ അരിഞ്ഞെടുത്ത ചോളത്തിന്റെ ലോഡ് എത്തുന്നത്. മൂപ്പെത്തി ഉണങ്ങിയ ചോളത്തിന്റെ അതേ വിലക്ക് ഇത്തരത്തില്‍ ചോളം ലഭിക്കുന്നതിനാല്‍ പച്ചപ്പുല്ലിന് പകരമായി ഇത് നല്‍കാമെന്ന് കര്‍ഷകര്‍ പറയുന്നു. പാല്‍ വര്‍ധിക്കുന്നുമുണ്ട്. ഉണങ്ങാതിരിക്കാന്‍ വെള്ളം തളിച്ചാല്‍ മതി. ഒരാഴ്ച്ചയോളം ഉപയോഗിക്കാനും കഴിയുന്നുണ്ട്. കിലോക്ക് ആറുരൂപ വില നല്‍കിയാണ് ചെടിയോടെയുള്ള ചോളം ജില്ലയിലെത്തിക്കുന്നത്.