2015 ല്‍ വീട് പുതുക്കി പണിയാന്‍ കോടതി ഉത്തരവിട്ടെങ്കിലും പ്രദേശീക ഭരണകൂടം കോടതി ഉത്തരവിനെ പരിഗണിച്ചതേയില്ല.

ഇടുക്കി: സര്‍ക്കാര്‍ അനുവദിച്ച വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഒറ്റയാള്‍ സമരം നടത്തുകയാണ് ദേവികുളം കോളനിയിലെ എഴുപത്തിയേഴ് വയസുള്ള പുരുഷോത്തമന്‍റെ ഭാര്യ അമ്മിണി. നീതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങിയെങ്കിലും ഒന്നും നടന്നില്ല. പലതവണ ജില്ലാ കളക്ടറെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടു. എന്നാല്‍ പ്രതീക്ഷങ്ങള്‍ അസ്ഥമിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ കോടതിയെ സമീപിക്കാന്‍ അമ്മിണിയമ്മ തയ്യാറായത്. 

2008 ലാണ് ദേവികുളത്തെ സര്‍വ്വെ നംമ്പര്‍ 20/1 മൂന്ന് സെന്‍റ് ഭൂമി ഇവര്‍ക്ക് ലഭിക്കുന്നത്. 2008-09 ല്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഇന്ദ്ര ആവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 2015 ലെ കനത്ത മഴയില്‍ മരം വീണ് അമ്മണിയമ്മയുടെ വീടിന്‍റെ ഒരുഭാഗം തകര്‍ന്നു. തുടര്‍ന്ന് വീടിന്‍റെ മേല്‍ക്കൂര പിനസ്ഥാപിക്കുന്നതിനും ഭിത്തി പണിയുന്നതിനും അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 2015 ജൂലൈ 8 ന് ദേവികുളം തഹസില്‍ദ്ദാർക്ക് അപേക്ഷ നല്‍കി. 

തുടർന്ന് വില്ലേജ് ഓഫീസര്‍ പരിശോധന പൂര്‍ത്തിയാക്കി തഹസില്‍ദ്ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അങ്ങനെ അമ്മിണിയുടെ അപേക്ഷ കളക്ടറുടെ മേശയിലുമെത്തി. എന്നാല്‍ തുടര്‍നടപടികള്‍ കടലാസിലൊതുങ്ങി. ഇതേ തുടര്‍ന്നാണ് അമ്മിണിയമ്മ ഹൈകോടതിയെ സമീപിച്ചത്. 2015 ഡിസംമ്പറില്‍ അമ്മണിയമ്മയുടെ വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

നിര്‍മ്മാണം നടത്തുമ്പോള്‍ അതിരുകള്‍ പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കാന്‍ തയ്യറായില്ല. തലചായ്ക്കാന്‍ കിടപ്പാടം പോലുമില്ലാതായിതീര്‍ന്ന വയോധിക അവകാശം സ്ഥാപിച്ചുകിട്ടുവാന്‍ വീണ്ടും കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്.