ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (28) ആണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്.

മലപ്പുറം: തീപിടിച്ച നിലയില്‍ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് യുവാവ് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (28) ആണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. എന്നെ രക്ഷിക്കണേ എന്ന് നിലവിളിച്ചാണ് ഫവാസ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഫവാസിന്‍റെ ദേഹത്തെ തീ അണച്ച് അടിയന്തര ചികിത്സ നല്‍കിയെന്ന് മൗലാന ആശുപത്രി സൂപ്രണ്ടന്‍റ് ജെ തിലകൻ പറഞ്ഞു.

70 ശതമാനത്തോളം പൊള്ളലേറ്റ ഫവാസിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടന്ന കടയുടെ വരാന്തയില്‍നിന്നും റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. കൂടാതെ ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി.