കഴിഞ്ഞ നാല് ദിവസമായി തോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ നിശ്ചലമായി.

ഇടുക്കി: കനത്ത മഴയില്‍ തെക്കിന്‍റെ കാശ്മീര്‍ നിശ്ചലമായി. തോരാതെ പെയ്യുന്ന മഴയില്‍ ശക്തമായ നീരൊഴുക്കില്‍ മുുതിരപ്പുഴ കരകവിഞ്ഞു. കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ദേശിയ പാതകളിൽ മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. വിനോദ സഞ്ചാര മേഖല പൂര്‍ണ്ണമായും നിലച്ചു.

കഴിഞ്ഞ നാല് ദിവസമായി തോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ നിശ്ചലമായി. മുതിരപ്പുഴയാറിലെ നീരൊഴുക്ക് വര്‍ദ്ധിച്ച് പുഴ കരകവിഞ്ഞതോടെ ഹെഡ്വര്‍ക്സ് ഡാം ഇന്നലെ തുറന്ന് വിട്ടെങ്കിലും നിരൊഴുക്ക് ശക്തമായി തുടരുകയാണ്. ഒഴുകി പോകുന്നതിനേക്കാള്‍ വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നതിനാല്‍ മുതിരപ്പുഴയാരിന്‍റെ തീരപ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. 

കെ എസ് ആര്‍ ടി സി ബസ്റ്റാന്‍റിന് സമീപ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടയിലാണ്. കൂടാതെ എല്‍ പി സ്കൂളിന് സമീപത്തുള്ള റോഡുകളിലും വെള്ളം കയറി കാല്‍നട യാത്ര പോലും ചെയ്യാന്‍ പറ്റാതായി. ഇക്കാനഗറില്‍ കൈത്തോട് കരകവിഞ്ഞ് ഒരു പ്രദേശം ആകെ ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്ക്കൊടി ദേശീയപാത, സൈലന്‍റ് വാലി റോഡ് എന്നിവടങ്ങില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. മഴ ശക്തമായി തുടര്‍ന്നാൽ മൂന്നാർ പൂര്‍ണ്ണമായി ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.